ഓണ്‍ലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു
ഓണ്‍ലൈൻ മാധ്യമങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. മാധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട തരത്തിൽ പെരുമാറ്റച്ചട്ടം നിർമിക്കാനും സാധിക്കുമെങ്കിൽ നിയമം നിർമിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നാണു മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.
അണിയറയിൽ ഒരുങ്ങുന്ന നിയമം സംബന്ധിച്ചു സ്മൃതി വ്യക്തത നൽകിയില്ലെങ്കിലും ഓണ്‍ലൈൻ മാധ്യമങ്ങൾക്കും ഉള്ളടക്കങ്ങൾക്കും കൂച്ചുവിലങ്ങിടാനുള്ള സർക്കാർ നീക്കം ഓണ്‍ലൈൻ ലോകത്ത് പുതിയ പോരാട്ടത്തിനു വഴിവയ്ക്കുമെന്നു ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സർക്കാർ നിയന്ത്രണങ്ങൾക്കു വ്യക്തതയില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച നിയമനിർമാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ആലോചന നടത്തിയിരുന്നെന്നും അവർ വ്യക്തമാക്കി. വ്യാജവാർത്തകളെ സംബന്ധിച്ചും വാർത്തയും കാഴ്ചപ്പാടുകളും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കുന്ന ചില മാധ്യമപ്രവർത്തകരെയും വ്യക്തികളെയും സംബന്ധിച്ചും സ്മൃതി ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ സൂചിപ്പിച്ചു.