സിബിഐയെ കാട്ടി ഭയപ്പെടുത്തേണ്ടെന്ന് കോടിയേരി

ശുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിലെ കോടതി നിരീക്ഷണങ്ങൾ സംബന്ധിച്ച് പരിശോധിച്ച ശേഷം ഉപരികോടതിയെ സമീപിക്കണോയെന്ന് സർക്കാർ പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. നിരവധി സിബിഐ അന്വേഷണങ്ങൾ നേരിട്ട പാർട്ടിയാണ് സിപിഎം. അതുകൊണ്ട് ആ പേരുപറഞ്ഞ് സിപിഎമ്മിനെ പേടിപ്പിക്കാമെന്ന് ആരും വിചാരിക്കരുത്- കോടിയേരി പറഞ്ഞു

കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ കോടിയേരി അറസ്റ്റിലായവർ‌ക്ക് പക്ഷേ പാർട്ടി ബന്ധമുണ്ടെന്നും ആവർത്തിച്ചു. അതേക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് വ്യാപക സിപിഎം വേട്ട നടക്കുന്നുന്ന സമയമാണിതെന്നും അപ്പോഴാണ് ഈ കേസിൽ സിബിഐ അന്വേഷണം വരുന്നതെന്നും പറഞ്ഞ കോടിയേരി സിപിഎമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മോദിയും ആർഎസ്എസുമാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്ന് ഓർക്കണമെന്നും ചൂണ്ടിക്കാട്ടി.

പല കേസിലും പ്രതിയല്ലാത്തവരെ സിബിഐ പ്രതിചേർക്കാറുണ്ടെന്നും അത്തരം നടപടി ഈ കേസിൽ ഉണ്ടായാൽ അതിനെയെല്ലാം നിയമപരമായി നേരിടുമെന്നും പറഞ്ഞ കോടിയേരി രാജ്യത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ് വേട്ടകളുടെ ഗതി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും കുറ്റപ്പെടുത്തി.

error: Content is protected !!