ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്ന് ചോദിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി ആര്‍ മഹേഷ് തുടങ്ങിയവരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലും കേസ് സിബിഐക്ക് വിടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇത് സര്‍ക്കാര്‍ കോടതിയിലും അറിയിച്ചുവെങ്കിലും നിഷ്പക്ഷവും നീതിയുക്തവുമായുമുള്ള ഒരന്വേഷണത്തിന് മറ്റ് ഏജന്‍സികള്‍ക്കാകില്ലെന്ന വിലയിരുത്തലായിരുന്നു കോടതി നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും ഇനിയിതില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്നു കോടതി ചോദിച്ചു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതില്‍തന്നെ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

error: Content is protected !!