ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പാര്‍ട്ടിയെന്ന നേട്ടം സമാജ്‌വാദി പാര്‍ട്ടിക്ക്

ഇന്ത്യയില്‍ ഏറ്റവുമധികം സ്വത്തുള്ള പ്രാദേശിക പാര്‍ട്ടിയെന്ന നേട്ടം സമാജ് വാദി പാര്‍ട്ടി (എസ്പി) സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. 2015–16 കാലയളവിൽ പാർട്ടിക്ക് 635 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആർ) വ്യക്തമാക്കി. 22 പ്രാദേശിക പാർട്ടികളുടെ വിവരങ്ങൾ വച്ചുനടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണു നടപടി.

212.86 കോടി രൂപയുടെ സ്വത്തുക്കള്‍ 2011 -12 കാലയളവിലുണ്ടായിരുന്ന എസ്പിക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ വളര്‍ച്ചയുണ്ടായത്. ഇത് 198 ശതമാനം വര്‍ധിച്ചാണ് 2015 -16 ല്‍ 634.96 കോടി രൂപയായി മാറിയത്.

അണ്ണാ ഡിഎംകെയ്ക്കും സമാനമായ രീതിയില്‍ സ്വത്തുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 155 ശതമാനത്തിന്റെ വര്‍ധനയാണ് 2015 -16 ല്‍ അണ്ണാ ഡിഎംകെയ്ക്കുണ്ടായത്. ആദായനികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മിഷനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് എഡിആര്‍ ഇൗ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആറു വിഭാഗങ്ങളിലായിട്ടാണു പാർട്ടികളുടെ സ്വത്തുക്കളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫിക്സഡ് അസറ്റ്, വായ്പയും മുൻപണവും, ഫിക്സഡ്‌ ഡെപ്പോസിറ്റ് (എഫി‍‍ഡിആർ), ടിഡിഎസ്, നിക്ഷേപങ്ങൾ, മറ്റു സ്വത്തുക്കൾ എന്നിങ്ങനെയാണവ. 2015–16ൽ ഫിക്സഡ് ‍ഡെപ്പോസിറ്റ്/‍ഡെപ്പോസിറ്റ് വിഭാഗത്തിൽ 1054.8 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു. വായ്പ/മുൻ പണം വിഭാഗത്തിൽ മാത്രമാണ് ചെറിയ കുറവുണ്ടായിരിക്കുന്നത്. 2011–12ൽ 19.75 കോടി ആയിരുന്നത് 2015–16 ആയപ്പോഴേക്കും 1.2 കോടിയായി ചുരുങ്ങി.

കടബാധ്യതയിൽ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്), തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവരാണു മുന്നിലുള്ളത്. ടിആർഎസിന് 15.97 കോടിയും ടിഡിപിക്ക് 8.186 കോടിയുമാണ് കടബാധ്യത.

error: Content is protected !!