മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം; ഒരു ലക്ഷത്തില്‍ പരം കര്‍ഷകരുടെ ലോങ് മാർച്ച്

ചെറിയ ഇടവേളയ്ക്കു ശേഷം മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം വീണ്ടും ശക്തി പ്രാപിക്കുന്നു. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ച് തിങ്കളാഴ്ച മുംബൈയിലെത്തും. നാസിക്കിൽനിന്നും കാൽനടയായി ആരംഭിച്ച മാർച്ചിൽ 25,000 കർഷകരാണു പങ്കാളികളായിരിക്കുന്നത്.

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍നിന്നു പിന്മാറുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില ഉറപ്പാക്കുക, നഷ്ടപരിഹാരം വർധിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണു കർഷകർ മുന്നോട്ടു വയ്ക്കുന്നത്.

മാര്‍ച്ച് അവസാനിക്കുന്നതിനു മുന്‍പു തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇല്ലെങ്കില്‍ നിയമസഭാ മന്ദിരം വളയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ മാര്‍ഗങ്ങളിലേക്കു കര്‍ഷകര്‍ കടക്കും. നേരത്തെ, കര്‍ഷകപ്രക്ഷോഭം ശക്തമായപ്പോള്‍ 34,000 കോടി രൂപയുടെ കടാശ്വാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, പ്രഖ്യാപനം വന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും അർഹമായതൊന്നും കര്‍ഷര്‍ക്കു കിട്ടിയിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 1995 മുതല്‍ 2013 വരെ 60,000 കര്‍ഷകരാണു മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യകൾ വർധിക്കുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാനാകില്ലെന്നാണു കർഷകരുടെ നിലപാട്.

മാർച്ച് മുംബൈയിലേക്കു പ്രവേശിക്കുന്നതു കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കുന്നത്. പ്രതിഷേധം സംഘർഷത്തിലേക്കു കടക്കാതിരിക്കാനുള്ള മുൻകരുതലുണ്ടാകണമെന്നു പൊലീസിനു നിർദ്ദേശമുണ്ട്.

error: Content is protected !!