പ്രതിമ തകര്‍ക്കല്‍ വിവാദം; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് എച്ച്.രാജ

തമിഴ്നാട്ടില്‍ പെരിയാറിന്‍റെ പ്രതിമകള്‍ നീക്കണമെന്ന എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ വിവാദം തുടരുന്നു. വിവാദ പോസ്റ്റ് രാജ പിന്‍വലിച്ചെങ്കിലും ഇതേ ചൊല്ലിയുള്ള അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.

ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തത് പോലെ വൈകാതെ തമിഴ് വിപ്ലവനേതാവ് ഇ.വി.രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാറിന്‍റെ പ്രതിമകളും തകര്‍ക്കപ്പെടണമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ രാജ പറഞ്ഞത്….. ആരാണ് ലെനിന്‍, എന്താണ് ഇന്ത്യയില്‍ അയാള്‍ക്കുള്ള പ്രസക്തി, എന്താണ് ഇന്ത്യയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം, ഇന്നലെ ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ നീക്കം ചെയ്യപ്പെട്ടു, നാളെ ജാതി ഭ്രാന്തനായ പെരിയാറിന്‍റെ പ്രതിമകളും ഇതേ പോലെ നിലംപതിക്കും… ഇതായിരുന്നു രാജയുടെ വിവാദപോസ്റ്റ്.

രാജയുടെ പരാമര്‍ശത്തിന് പിന്നാലെ ചൊവ്വാഴ്ച്ച രാത്രി വെല്ലൂരില്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടു. ബുധനാഴ്ച്ച പുലര്‍ച്ചെ കോയന്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവുമുണ്ടായി. പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെട്രോള്‍ ബോംബ് എറിഞ്ഞവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം സംഭവത്തില്‍ മാപ്പു പറഞ്ഞ് രംഗത്തു വന്ന എച്ച്.രാജ തന്‍റെ അറിവില്ലാതെയാണ് പേജ് അഡ്മിന്‍ പോസ്റ്റ് ഇട്ടതെന്നും ഇതറിഞ്ഞപ്പോള്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി. തന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാപ്പു ചോദിക്കുന്നതായും പറഞ്ഞ രാജ അഭിപ്രായങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമങ്ങള്‍ കൊണ്ടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാജയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ് രാഷ്ട്രീയനേതാക്കളില്‍ നിന്നുണ്ടായത്. തമിഴ്നാട്ടില്‍ കലാപമുണ്ടാക്കാന്‍ രാജ കുറേക്കാലമായി ശ്രമിക്കുകയാണെന്നും രാജയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാജയുടെ മുത്തച്ഛന്‍ വിചാരിച്ചാലും പെരിയാറുടെ പ്രതിമയില്‍ തൊടാനാവില്ലെന്നായിരുന്നു ദളിത് രാഷ്ട്രീയ കക്ഷിയായ വിസികെ നേതാവ് തോല്‍തിരുമാളവന്‍റെ പ്രതികരണം.

error: Content is protected !!