ഓര്‍മ്മയായത്‌ തികഞ്ഞ ഗാന്ധിയന്‍

കണ്ണുരിന്‍റെ മണ്ണില്‍നിന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ എം അബ്ദുറഹിമാന്‍,പിന്നീട് ഗാന്ധിയന്‍ അദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന യഥാര്‍ത്ഥ മനുഷ്യനായി ജീവിച്ചു.ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നാള്‍ വഴികള്‍ സമഗ്രമായി പഠിക്കുകയും ,പുതിയ തലമുറയ്ക്ക് പകരുകയും ചെയ്തു ഈ വലിയ മനുഷ്യന്‍.

രാഷ്ട്ര പുരോഗതിയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് എന്നും പറഞ്ഞും,പ്രവര്‍ത്തിച്ചും കൊണ്ടേയിരുന്ന വ്യക്തിത്വം.കേരളത്തിന്‍റെ രാഷ്ട്രീയ,സാമുഹ്യ,സാംസ്ക്കാരിക മേഖലകളില്‍ ഏതിലും വിഷയം ആഴത്തില്‍ പഠിച്ചു മാത്രം ഇടപെടുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് എം അബ്ദുറഹിമാന്‍.അതുകൊണ്ടുതന്നെ അദേഹത്തിന്റെ വിയോഗം കേരളത്തിന്‌ പ്രത്യേകിച്ച് കണ്ണുരിന് തീരാ നഷ്ടമാണ് .

തലശ്ശേരി ബ്രണ്ണൻ കോളേജിൽ എം.എ വിദ്യാഭ്യാസത്തിന് ശേഷം1958ൽ കുറുവിലങ്ങാട് കെ.എസ്.യു ക്യാമ്പിൽ പങ്കെടുത്താണ് സംഘടനാ പ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. അവിഭക്ത കണ്ണൂർ ജില്ലാ കെ.എസ്.യു പ്രസിഡണ്ടായി പ്രവർത്തിച്ചു. ദീർഘകാലം കേരളകൗമുദിയിൽ പ്രവർത്തിച്ചു.കൗമുദിയിൽ നിന്നും ചീഫ് എഡിറ്റർ തസ്തിക സ്ഥാനത്തുനിന്നാണ് വിരമിച്ചത്. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ ഡൽഹി ഓഫീസിലും വീക്ഷണത്തിലും പ്രവർത്തിച്ചു.

കെ.കരുണാകരൻ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.ഈ കാലയളവില്‍ ദേശിയ നേതാക്കളുമായുള്ള ഇടപെടല്‍ വിലപ്പെട്ട ജീവിതാനുഭവമായി എം അബ്ദുറഹിമാന്‍ തന്നെ പലതവണ പറഞ്ഞിടുണ്ട്.അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറി സഞ്ചരിച്ച ,എല്ലാവരുടെയും പ്രീയപ്പെട്ട റഹിമാന്‍ജീ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകനായി.

നെഹ്റുവിയൻ ദർശനങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു .കണ്ണൂരിലെ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ച്, സാംസ്ക്കാരിക രംഗത്തും പ്രസിദ്ധീകരണ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സമയം പബ്ലിക്കേഷൻ സിന്റയും കണ്ണൂർ ജവഹർ ലൈബ്രറിയുടെയും മുഖ്യ പ്രവർത്തകനായും ഗവേണിംഗ് ബോഡി അംഗമായും പ്രവർത്തിച്ചു. ഉജ്വല വാഗ്മിയായ റഹിമാന്‍ജി, കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസ് ക്യാമ്പുകളിലെയും പഠനകളരികളിലും സ്ഥിരം ക്ലാസ്സെടുക്കുകയും ചെയ്തു.അതിനുമപ്പുറം പുതിയ മാധ്യമ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ചരിത്ര വതായങ്ങള്‍ തുറന്നിടുന്ന മികച്ച അധ്യാപകനുമായി എം അബ്ദുറഹിമാന്‍.കേരളത്തിലെ മിക്ക ജേര്‍ണലിസം കോളേജുകളില്‍ നിറസാനിധ്യമായിരുന്നു റഹിമാന്‍ജി

ഏ.കെ ആന്റണിയുമായും കെ.കരുണാകരനുമായും ആത്മ ബന്ധം പുലർത്തി. ഒട്ടേറെ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു.മുൻ കെ.പി.സി.സി അംഗം കൂടിയായിരുന്ന ആ വലിയ മനുഷ്യന്‍ ഓര്‍മയാവുകയാണ്.വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്,കട്ടി കണ്ണടക്കിടയിലൂടെ സ്നേഹമാര്‍ന്നു നോക്കി,പൊട്ടിച്ചിരിച്ചു കണ്ണൂരിന്റെ നഗര വീഥികളില്‍ നടന്നു പോകുന്ന റഹിമാന്‍ജി.ഗാംഭീര്യമുള്ള ശബ്ദത്തില്‍ ആഴത്തില്‍ ,സമഗ്രമായി നമ്മളോട് സംവദിക്കാന്‍ ഇനി ആ വ്യക്തിത്വം നമുക്കിടയിലില്ല.

error: Content is protected !!