മെഡിക്കല്‍ കോളേജില്‍ രോഗിയോട് ക്രൂരത:മനുഷത്വ രഹിതമെന്ന് മന്ത്രി കെ.കെ ശൈലജ

രോഗിയോട് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വ രഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൈ ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന തരത്തില്‍ ചില മേഖലകളില്‍ നിന്നും രോഗികളില്‍ നിന്നും മന:പൂര്‍വമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ അതിന് വളമേവുകയാണ് ചെയ്യുന്നത്. അതിനാല്‍ കര്‍ത്തവ്യ വിലോപം കാട്ടുന്നവര്‍ക്കും പൊതുജനാരോഗ്യ സേവന ചിട്ടകള്‍ അനുസരിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!