കീഴാറ്റൂരിൽ ബദൽ മാർഗങ്ങൾ തേടണമെന്ന് എ ഐ വൈ എഫ്

കീഴാറ്റൂരിൽ ദേശീയപാത ബൈപാസ് നിർമിക്കുന്ന പ്രശ്നത്തിൽ ബദൽ മാർഗങ്ങൾ തേടണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. തളിപ്പറമ്പ് ടൗണിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ കൂടി കണ്ടറിഞ്ഞ് നഗരത്തിലൂടെയുള്ള ബൈപാസ് നിർമാണത്തിനു പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐവൈഎഫിന്റെ നേതൃത്വത്തിൽ കിഴാറ്റൂർ വയലിൽ സന്ദർശനം നടത്താൻ എത്തിയതായിരുന്നു മഹേഷ് കക്കത്തും നേതാക്കളും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ ആധികാരികമായ പഠനം നടത്തിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കണം. സമരം നടത്തിയ കർഷകരുടെ സമരപ്പന്തൽ തകർത്തു തീവച്ച് തോട്ടിൽ എറിഞ്ഞത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്.

ജനാധിപത്യരാജ്യത്ത് സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. വയൽ കിളികളുടെ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. നെൽവയലിനും കുടിവെള്ളത്തിനും വേണ്ടിയുള്ള സമരത്തോടൊപ്പമാണ് എഐവൈഎഫ്. ഈ സാഹചര്യത്തിൽ ഫ്ളൈ ഓവർ നിർമിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ‘കീഴാറ്റൂരിൽ ബദൽ ഉണ്ട്’ എന്ന മുദ്രാവാക്യവുമായി എഐവൈഎഫ് 24ന് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് കാമ്പയിൻ നടത്തുമെന്നും മഹേഷ് കക്കത്ത് പറഞ്ഞു.

error: Content is protected !!