കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ അപമാനിച്ച് ദേവേന്ദ്ര ഫട്‌നാവിസ്; ആദിവാസികളെ കര്‍ഷകരായി കാണാനാകില്ല

രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന കിസ്സാന്‍ ലോങ് മാര്‍ച്ചിനെ അപമാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.
സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മഹാര്ഷ്ട്രയില്‍ ദിവസങ്ങളായി തുടരുന്ന ലോങ് മാര്‍ച്ച് നടത്തുന്നത്. ഈ ലോങ് മാര്‍ച്ചിനെ തള്ളിക്കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷക ജാഥയില്‍ അണിനിരന്നിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആദിവാസകളാണ്. അതുകൊണ്ട് സാങ്കേതികമായി അവരെ കര്‍ഷകരെന്ന് വിളിക്കാനാവിലെന്ന് ഫട്‌നാവിസ് പറഞ്ഞു. ബി.ജെ.പി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ കഴിഞ്ഞ ദിവസമാണ് മുംബൈയിലത്തെിയത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ താണെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്നു വൈകിട്ട് സെക്രട്ടേറിയറ്റില്‍ സമരക്കാരുടെ അഞ്ച് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നേതാക്കളുമായി ഗിരീഷ് മഹാജന്‍ പ്രാഥമിക ചര്‍ച്ച നടത്തി.

ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേരുന്നത്. ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമര്കകാര്‍ നിയമസഭാ മന്ദിരം ഉപരോധിക്കും. കൂടുതല്‍ സംഘടനകള്‍ സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

You may have missed

error: Content is protected !!