ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ പോലീസ് പരാക്രമം; വഴിയാത്രക്കാരന്‍റെ മൂക്ക് ഇടിച്ച് തകര്‍ത്തു

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് വഴിയൊരുക്കാനായി കാര്‍യാത്രികന്റെ മൂക്കിനിട്ട് പോലീസ് ഇടിച്ചതായി പരാതി. കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പ് ‘ശ്രുതി’യില്‍ കെ.ആര്‍. ജനാര്‍ദ്ദനാണ് (69) പരാതിയുമായി രംഗത്ത് എത്തിയത്. പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ഇദേഹത്തെ കോട്ടയ്ക്കല്‍ അല്‍മാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിനു സമീപമാണ് സംഭവം.

രാവിലെ വീട്ടില്‍നിന്ന് സ്വാഗതമാട്ടേക്ക് കാറോടിച്ചുപോകുമ്പോഴാണ് സംഭവം നടന്നതെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു. . റോഡുനീളെ പോലീസുകാരുണ്ടായിരുന്നു. പൊന്നാനിയിലേക്ക് പോകുന്ന ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍. ഗവര്‍ണറുടെ വാഹനം എത്താറായപ്പോള്‍ കാര്‍ കഴിയാവുന്നത്ര വശത്തേക്ക് മാറ്റിനിര്‍ത്തി. ഗവര്‍ണര്‍ പോയി കാറെടുക്കാനൊരുങ്ങുമ്പോള്‍ ഒരു പോലീസുകാരന്‍ ആക്രോശിച്ചുകൊണ്ട് വന്നു, എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്നുചോദിച്ച് മുഷ്ടിചുരുട്ടി മൂക്കിനിട്ട് ഇടിച്ചുവെന്ന് അദേഹം പറയുന്നു.

പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. എന്നാല്‍ കാര്‍യാത്രികനെ ഇടിച്ചിട്ടില്ലെന്നും കൈ തട്ടിയതാണ് മൂക്ക് മുറിയാന്‍ കാരണമെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. ജനാര്‍ദ്ദനന്റെ മൂക്കില്‍നിന്ന് രക്തം വരുന്നതുകണ്ട് പോലീസ് വാഹനത്തില്‍ത്തന്നെയാണ അദേഹത്തെ ് ആസ്പത്രിയില്‍ എത്തിച്ചതെന്നും കോട്ടയ്ക്കല്‍ പൊലീസ് പറയുന്നു.

error: Content is protected !!