കത്തിച്ച സമരപ്പന്തല്‍ പുനസ്ഥാപിച്ച് സമരം തുടരുമെന്ന് വയല്‍ക്കിളികള്‍

കീഴാറ്റൂരിലെ സമരം ശക്തമാക്കാനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിച്ച സമരപ്പന്തല്‍ പുനസ്ഥാപിക്കാന്‍ നീക്കം. 25ന് ബഹുജന പിന്തുണയോടെ പുനസ്ഥാപിക്കുമെന്ന് വയല്‍കിളികള്‍ അറിയിച്ചു. ബൈപ്പാസ് റോഡിന് വേണ്ടി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരവുമായി രംഗത്തുണ്ടായിരുന്ന വയല്‍കിളികളുടെ സമരപ്പന്തലാണ് കത്തിക്കപ്പെട്ടത്.

ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനെതിരെ സിപിഐഎം മുന്‍ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു പാര്‍ട്ടി അംഗങ്ങളും അനുഭാവികളും വയല്‍ക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങിയത്.

സമരം പാര്‍ട്ടി വിരുദ്ധമാണെന്നു സിപിഐഎം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുകയും ബിജെപിയും സിപിഐയും അടക്കമുള്ള കക്ഷികള്‍ പിന്തുണയുമായെത്തുകയും ചെയ്തതിനെ തുടര്‍ന്നു പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടു പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. റോഡിന്റെ റൂട്ട് മാറ്റുന്നതു പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ സമരം നിര്‍ത്തിയെങ്കിലും വയലിലൂടെ തന്നെ റോഡ് നിര്‍മിക്കാന്‍ വിജ്ഞാപനമായ സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ കഴിഞ്ഞമാസം സമരം പുനരാരംഭിച്ചു.
സമരത്തില്‍ പങ്കെടുത്തതിനു 11 പ്രവര്‍ത്തകരെ ഈ മാസം ആദ്യം സിപിഐഎം പുറത്താക്കിയിരുന്നു. 60 ഭൂവുടമകളില്‍ 56പേരും സമ്മതപത്രം നല്‍കിയെന്നാണു സിപിഐഎം അവകാശപ്പെടുന്നതെങ്കിലും മൂന്നുപേര്‍ മാത്രമാണു ഭീഷണിക്കു വഴങ്ങി സമ്മതപത്രം നല്‍കിയതെന്നു വയല്‍ക്കിളികള്‍ പറയുന്നു. സ്ഥലംവിട്ടുകൊടുക്കുന്നവരെന്നു പരിചയപ്പെടുത്തി അന്‍പതോളം പേരെ ഇന്നലെ സിപിഐഎം തളിപ്പറമ്പില്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഹാജരാക്കിയെങ്കിലും അവരില്‍ മിക്കവരും യഥാര്‍ഥ സ്ഥലമുടമകളല്ലെന്നും വയല്‍ക്കിളികള്‍ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!