മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍; ഹരീഷ് വാസുദേവ്

കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തില്‍ സിപിഎം നിലപാടിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവ്. സമരപ്പന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മുകാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും, വെല്ലുവിളിയുയര്‍ത്തുന്നത് ധാര്‍ഷ്ട്യമല്ലേ എന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കീഴാറ്റൂരെ സമരപ്പന്തല്‍ തകര്‍ക്കുന്നത് സിപിഐഎമ്മുകാരുടെ നേതൃത്വത്തില്‍ ആണ് എന്ന് വിഷ്വലില്‍ നിന്ന് വ്യക്തമാണ്. അത് ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് ക്യാമറ ഓഫ് ചെയ്തില്ലേങ്കില്‍ തല്ല് കിട്ടുമെന്ന് പാര്‍ട്ടി മെമ്പര്‍ പറയുമ്പോഴേക്കും ‘നാലാം തൂണി’ന്റെ ക്യാമറ ഓഫ് ആക്കുന്നു. സ്ട്രിങ്ങര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും ജീവനില്‍ ഭയമുണ്ടാകുമല്ലോ. എന്നിട്ട് വൈകിട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു സിപിഐഎം നേതാവ് വെല്ലുവിളിക്കുന്നു, വീഡിയോ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ .
(സമരക്കാര്‍ തന്നെ പന്തല്‍ കത്തിച്ചെന്നു നുണ മാത്രം എഴുതുന്ന ദേശാഭിമാനി പത്രത്തില്‍ വന്നാല്‍ എനിക്ക് അത്ഭുതമില്ല)
ഇതെന്ത് ധാര്‍ഷ്ട്യമാണ് !
മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍? കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഐഎം ആണോ? ഭരണഘടന ബാധകമല്ലേ? വീഡിയോ ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ‘ഞങ്ങള ചെക്കന്മാര്‍’ തല്ലും എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെതിരെ ആ സ്ഥാപനത്തിന് പരാതിയില്ലേ? കെയുഡബ്ല്യുജെയ്ക്ക് പരാതിയില്ലേ? ഈ ഭീഷണി പോലീസ് നോക്കി നില്‍ക്കുകയായിരുന്നോ? ഇന്നുവരെ അത് ആഭ്യന്തരമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചില്ലേ? അതോ ക്യാമറകള്‍ എപ്പോള്‍ എവിടെ ഓഫ് ആക്കണമെന്ന് തീരുമാനിക്കുന്നത് നാട്ടിലെ പാര്‍ട്ടി ഗുണ്ടകള്‍ ആണെന്ന് ഈ സംസ്ഥാനത്തെ നാലാം തൂണും സമ്മതിച്ചു എന്നാണോ?
സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നതില്‍ ഈ സ്റ്റേറ്റ് പരാജയമാണോ? കെയുഡബ്ല്യുജെയും സ്റ്റേറ്റും മറുപടി പറയണം.

error: Content is protected !!