കണ്ണൂര്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ഫാറൂഖ് കോളേജിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ കണ്ണൂരിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമം പതിവായിരിക്കുന്നത്. പരസ്യമായി ചീത്ത വിളിക്കുന്നതിനു പുറമേ ശാരീരികമായി കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു അതിക്രമം. സുരക്ഷ ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്നും വീണ്ടും കയ്യേറ്റ ശ്രമം ഉണ്ടായെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് കണ്ണൂര്‍ ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പഠിക്കുന്നത്‌. ഇതില്‍ 80 ശതമാനവും പെണ്‍കുട്ടികളാണ്. സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ അപമാനിക്കപ്പെടുന്ന അവസ്ഥയാണ്‌ ഇവര്‍ക്ക്. പലപ്പോഴും പരസ്യമായി ചീത്ത വിളിക്കുകയും അവഹേളിക്കുകയും ചെയ്യും.സാമൂഹ്യ വിരുദ്ധര്‍ ശാരീരികമായി നിരവധി പേരെ കയ്യേറ്റം ചെയ്തിട്ടുണ്ട്.

ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയക്കേണ്ട അവസ്ഥയാണ്‌ ഇവിടെ വിദ്യാര്‍ഥിനികള്‍ക്കുള്ളത്. ബൈക്കില്‍ എത്തിയ ഒരു പെണ്‍കുട്ടിയെ കേറിപ്പിടിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൂടാതെ ചായ കുടിക്കാനായി പുറത്ത് പോകുന്ന വിദ്യാര്‍ത്ഥിനികളോട് മോശമായ പെരുമാറ്റമാണുണ്ടാകുന്നത്. രാത്രി കൂടെക്കിടക്കാന്‍ നിഫ്റ്റിയില്‍ നിന്നും പെണ്‍കുട്ടികളെ കിട്ടുമോ എന്ന് ചോദിച്ചതായും വിദ്യാര്‍ത്ഥിനി പരാതിപ്പെടുന്നു. കോളേജിന് പുറത്ത് മാത്രമല്ല അകത്തും പലപ്പോഴും സുരക്ഷിതരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം പരസ്യ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ സുരക്ഷ ഉറപ്പു വരുത്താമെന്ന് പോലിസും എം എല്‍ യും ഉറപ്പു നല്‍കി.

error: Content is protected !!