ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാന്‍ കഴിയുമോ; വയല്‍ക്കിളികള്‍ക്കെതിരെ എംവി ഗോവിന്ദന്‍

കീഴാറ്റൂരില്‍ ദേശീയപാതയ്ക്കെതിരെ വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരത്തെ പരിഹസിച്ച് സി.പി.എം നേതാവ് എംവി ഗോവിന്ദന്‍. ഭൂമിയേറ്റെടുക്കാതെ ദേശീയപാത ആകാശത്ത് കൂടി നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് എം.വി ഗോവിന്ദന്‍. ശനിയാഴ്ച കീഴാറ്റൂരില്‍ സി.പി.എം നിശ്ചയിച്ച സമരം വയല്‍ കിളികള്‍ക്കെതിരേയല്ല. വയല്‍ കിളികള്‍ ന്യൂനപക്ഷം മാത്രമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു വികസനത്തിന് വേണ്ടിയാണ് സമരം. അല്ലാതെ ചെറു ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം കീഴാറ്റൂരിലെ വയല്‍കിളികളെ പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട് വയലില്‍ ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ ‘നാട് കാവല്‍’ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് വയല്‍കിളികളെ പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട് രംഗത്ത് ഇറങ്ങുന്നത്.

ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും. വരുന്ന 24 ന് തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജനമാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഈ വരുന്ന 25-ാം തീയതി സമാനമനസ്‌കരായ ആളുകളെ ഒപ്പം ചേര്‍ത്ത് വയല്‍കിളികള്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നതും കൂടി കണക്കിലെടുത്താണ് വയല്‍കിളിക്കളുടെ സമരത്തിന് മറുപടിയുമായി സിപിഎം എത്തുന്നത്. വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐ രംഗത്തു വന്നതാണ് പ്രത്യക്ഷസമരവുമായി രംഗത്ത് വരാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

error: Content is protected !!