കണ്ണൂരിലെ അക്രമ രാഷ്ട്രീയം തോറ്റു; അസ്ന ഇനി ഡോക്ടര്‍

അക്രമ രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ അസ്ന എന്ന പെണ്‍കുട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ ആക്രമണമാണ് അസ്‌നയുടെ ജീവിതം മാറ്റിമറിച്ചത്. 2000 സെപ്തംബര്‍ 27 നായിരുന്നു കേരളത്തെ ദുഖത്തിലാഴ്ത്തിയ സംഭവം. തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ ആറാം വയസില്‍ അസ്‌നയ്ക്ക് നഷ്ടമായത് വലതുകാലാണ്. തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് കാല് നഷ്ടപ്പെട്ട് കൃത്രിമക്കാലില്‍ നടന്നു തുടങ്ങിയ അസ്നയുടെ ജീവിതം ഇന്ന് ഡോ. അസ്നയില്‍ എത്തി നില്‍ക്കുകയാണ്. തന്നെ തേടിയെത്തിയ ദുരന്തം ശരീരത്തിന്‍റെ ബലം കുറച്ചെങ്കിലും മനസിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് തെളിയിക്കുകയാണവള്‍. അക്രമരാഷ്ട്രീയത്തിന്‍റെ ദുരന്തനായിക എന്ന മേല്‍വിലാസത്തിന് അസ്ന ഡോക്ടര്‍ എന്ന് തിരുത്തെഴുതിയിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് എംബിബിഎസ് പരീക്ഷയില്‍ വിജയിച്ച വിവരം അസ്ന അറിഞ്ഞത്. ഹൗസ് സര്‍ജന്‍സി കൂടി പൂര്‍ത്തിയാക്കിയാല്‍ ഡോക്ടേഴ്സ് അക്രഡിറ്റേഷനും അസ്നയ്ക്ക് ലഭിക്കും. 2013ലായിരുന്നു എംബിബിഎസ് പ്രവേശനം. പിന്നീടുള്ള ജീവിത പോരാട്ടമായിരുന്നു അസ്നയെ ശ്രദ്ധേയമാക്കിയത്.

ശാരീരികമായ പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിട്ട പെണ്‍കുട്ടി ഇന്ന് ഡോക്ടര്‍ അസ്നയിലേക്കെത്തിയത് കഠിന പരിശ്രമത്തിനൊടുവിലായിരുന്നു. അസ്നയ്ക്ക് സഹായമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുവച്ച് നല്‍കി. മെഡിക്കല്‍ കോളജില്‍ അസ്നയ്ക്കായി പ്രത്യേക ലിഫ്റ്റ് സൗകര്യവും അന്ന് സര്‍ക്കാരര്‍ ഒരുക്കിയിരുന്നു.

error: Content is protected !!