മലയാളത്തിന്റെ മണിചേട്ടന്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം

മലയാളികള്‍ക്ക് കലാഭവന്‍ മണി വെറുമൊരു സിനിമാനടന്‍ മാത്രമല്ല. അവരുടെ മനസില്‍ വലിയൊരു സ്ഥാനം മണിക്കുണ്ട്. കലാഭവൻ മണി ഓര്‍മയായിട്ട് .ഇന്നേക്ക് രണ്ട് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി താരമായത്.

അഭിനയം, ആലാപനം, സംഗീത സംവിധാനം. രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവ്. ചുരുക്കത്തിൽ സിനിമയിൽ ഒാൾറൗണ്ടറായിരുന്നു ഒാട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവൻ മണി.

രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഇങ്ങ് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു.

ചെത്തുകാരൻ മുതൽ ഐഎഎസ് വരെ. ഒരു ഒാട്ടോക്കാരനായി എത്തി ചെയ്യാവുന്ന വേഷങ്ങളെല്ലാം കൈപ്പിടിയിലൊതുക്കി മണി തന്റെ വേഷം ഗംഭീരമായി ആടി മടങ്ങി. സിബിമലയിലിന്റെ ആദ്യസിനിമയിൽ ഒാട്ടോക്കാരനായിരുന്നെങ്കിൽ സല്ലാപത്തിൽ ചെത്തുതുകാരനായി, ചിലതിൽ പൊലീസായി, ചിലതിൽ കള്ളനും. ലോക്നാഥൻ ഐഎഎസ് എന്ന സിനിമയിൽ ഒാട്ടോക്കാരൻ കലക്ടറുടെ വേഷത്തിലെത്തി. ജീവിതത്തിൽ എന്റെ വിദ്യാഭ്യാസം കൊണ്ട് എത്താൻ പറ്റാത്ത വേഷങ്ങളൊക്കെ സിനിമയിൽ താൻ ചെയ്തിട്ടുണ്ടെന്ന് മണി പറഞ്ഞിട്ടുണ്ട്.

ആളുകൾക്ക് മണി ഒരു നടൻ മാത്രമായിരുന്നില്ല, അവരുടെ കൂട്ടുകാരനും കൂടപ്പിറപ്പുമെല്ലാമായിരുന്നു. സാധാരണ താരങ്ങളോട് ‍‍അടുക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇൗ നടനെ മണിയേട്ടാ എന്നു നീട്ടുവിളിക്കാനും പാട്ടുപാടാൻ ആവശ്യപ്പെടാനുമെല്ലാം ജനങ്ങൾക്ക് മടിയായിരുന്നു. എന്നാൽ പാട്ടുപാടൻ ചോദിച്ചവരുടെ തോളിൽ കയ്യിട്ട് മണി പാടി. അവയിൽ ചില പാട്ടുകൾ നമ്മെ കരിയിച്ചു. ചിലത് ചിന്തിപ്പിച്ചു.

നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. പാവാട പ്രായത്തിൽ തുടങ്ങി… ഒട്ടനവധി ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ മലയാളി കേട്ടു. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണി എത്തിയാൽ പാട്ടു പാടാതെ ജനങ്ങൾ വിടില്ലെന്ന അവസ്ഥയുണ്ടായിരുന്നു.

ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.

error: Content is protected !!