ഹാദിയയും ഷെഫിന്‍ ജഹാനും കോഴിക്കോടെത്തി

സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് ഹാദിയയും ഷെഫിന്‍ ജഹാനും ഇന്ന് പുലര്‍ച്ചെ കോഴിക്കോടെത്തി.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ പി. അബൂബക്കറെ സന്ദർശിക്കാനാണ് ഇവർ കോഴിക്കോട്ടെത്തിയത്.

സുപ്രീം കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലർ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയർമാനെ കണ്ടതെന്നും അവർ മാധ്യമങ്ങളോട് അറിയിച്ചു. മറ്റു പല സംഘടനകളും സഹായിച്ചെന്നും എന്നാൽ പരിപൂർണ സഹായം തന്നു കൂടെനിന്നതു പോപ്പുലർ ഫ്രണ്ട് ആണെന്നും ഇരുവരും പറഞ്ഞു.

തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് പറഞ്ഞ ഹാദിയ, തന്നെ സഹായിച്ചവരെ പോലും പലപ്പോഴും മറ്റ് മുസ്‍ലിം സംഘടനകള്‍ കുറ്റപ്പെടുത്തിയെന്ന് ആരോപിച്ചു. മുസ്ലിം ആയതിന് ശേഷം താന്‍ ആദ്യം മറ്റ് സംഘടനകളെയാണ് സമീപിച്ചത്. അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. പിന്നെ സഹായിച്ചവരെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ട് തന്നെ സഹായിക്കാന്‍ തയ്യാറായില്ല? പുറത്തിരുന്ന് കളി കണ്ടുകൊണ്ട് അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടിയിരുന്നതെന്ന് പറയുകയായിരുന്നു മറ്റുള്ളവരെന്നും പറഞ്ഞു.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നാട്ടില്‍ നിഷേധിക്കപ്പെടുന്നുവെന്ന് ആരോപിച്ച ഷെഫിന്‍ ജഹാന്‍, നിയമ പോരാട്ടത്തില്‍ ഒപ്പം നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി രേഖപ്പെടുത്താനാണ് ചെയര്‍മാന്‍ ഇ അബൂബക്കറിനെ സന്ദര്‍ശിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച വിശദമായ വാര്‍ത്താസമ്മേളനം നടത്തുമെന്നും ഷെഫിന്‍ പറഞ്ഞു.

error: Content is protected !!