ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപയിനെതിരെ അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് കൊടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പി.വി. ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫാണ് നാലാം പ്രതി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഡ്വ. വിനോദ് മാത്യു വില്‍സന്‍ പറഞ്ഞു. അഡ്വ. ജോളി അലക്‌സാണ് പരാതിക്കാരനു വേണ്ടി കോടതിയില്‍ ഹാജരാകുക. മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കേസ് 16ലേക്ക് മാറ്റി. ഓപ്പണ്‍ കോടതിയില്‍ മൊഴിയെടുക്കും. പരസ്യ ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍ അറിയുന്നവര്‍ സാക്ഷികളായി ഹാജരാകുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഇതേ വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവറില്‍ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ചത്.

error: Content is protected !!