മധുവിന്റെ മരണം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും
ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തുന്ന പിണറായി വിജയന്‍ ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മധുവിന്റെ മുക്കാലി ചിണ്ടക്കിയൂരിലെ വീട് സന്ദര്‍ശിക്കും.
അതേസമയം, കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി. തയ്ക്കുല സംഘം, മൂപ്പന്‍സ് കൗണ്‍സില്‍, ഗിരിജന്‍ സേവക് സമിതി, വനവാസി വികാസ കേന്ദ്രം തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതി അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല.
ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യണം. മധുവിന്റെ കൊലപാതകത്തിന് ശേഷം പൊലീസ് പല കാര്യങ്ങളും മറച്ചുവെക്കുന്നുണ്ട്. നാട്ടുകാര്‍ പിടികൂടിയതിനു ശേഷം ഒരു കിലോമീറ്ററോളം മധു നടന്നിട്ടുണ്ട്. ഒരു മണിക്കൂറോളം മുക്കാലി ജങ്ഷനില്‍ നിന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ മരിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി അട്ടപ്പാടി സന്ദർശിക്കുന്നത്.