ഫറൂഖ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

ഫറൂഖ് കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. ഹോളി ആഘോഷിച്ചെന്ന പേരിൽ വിദ്യാർഥികളെ അധ്യാപകർ മർദ്ദിച്ചു എന്നാരോപിച്ചാണ് ഫാറൂഖ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിദ്യാർഥികളെ മർദ്ദിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കുക, കോളജിലെ അച്ചടക്ക സമിതി പിരിച്ചുവിടുക, വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോളേജിൽ ആഘോഷങ്ങൾക്ക് വിലക്കില്ലെന്ന് പ്രിൻസിപ്പൽ ഇ.പി ഇമ്പിച്ചിക്കോയ പറഞ്ഞു. എന്നാൽ ആഘോഷങ്ങൾ അതിരുവിടാൻ അനുവദിക്കില്ല. അധ്യാപകർ മർദ്ദിച്ചെന്ന വിദ്യാർഥികളുടെ പരാതി ഇന്ന് ചേരുന്ന സ്റ്റാഫ് കൗൺസിൽ പരിഗണിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

ക്ലാസുകൾ തീരുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടാം വര്‍ഷ വിദ്യാർത്ഥി ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മറ്റ് രണ്ട് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളേജ് കോമ്പൌണ്ടിനകത്ത് ആഘോഷ പരിപാടികൾ നടത്തുന്നതിന് അധ്യാപകർ അനുമതി നിഷേധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോംപൗണ്ടിന് പുറത്ത് ആഘോഷം നടത്തിയപ്പോൾ നാട്ടുകാരും എതിർപ്പുമായി എത്തിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ക്യാമ്പസിനുള്ളിൽ പരീക്ഷ നടക്കുന്ന സമയത്താണ് രണ്ടാം വർഷ വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കാൻ ശ്രമിച്ചത്. പുറത്ത് നടത്താൻ സമ്മതിക്കില്ലെന്ന് നാട്ടുകാരും പോലീസും പറഞ്ഞിരുന്നു. കാമ്പസിനുള്ളിൽ ആഘോഷം തടഞ്ഞപ്പോൾ കാറിലെത്തിയ വിദ്യാർത്ഥികൾ കോളേജ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു.ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

error: Content is protected !!