വത്തക്ക മാഷിന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

വിവാദ പ്രസംഗം നടത്തിയ ഫാറുഖ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിന് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍ മതപണ്ഡിതന്മാര്‍ക്ക് മിണ്ടാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തെയും പിന്തുണയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി.

മതപണ്ഡിതര്‍ മതപരമായ വസ്ത്രധാരത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് പലര്‍ക്കും പലനീതിയാണെന്നും പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

താന്‍ ബ്രാന്റഡ് മുസ്ലീം ലീഗുകാരനെന്നും ഇനി തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പോലും തന്നെ സംരക്ഷിക്കാനുള്ള ബാധ്യത ലീഗിനുണ്ടെന്നും ജൗഹര്‍ മുനവ്വര്‍ തുറന്നു പറയുന്ന ഓഡിയോ സംഭാഷണങ്ങള്‍ സൗത്ത് ലൈവ് പുറത്തു വിട്ടിരുന്നു.

കൂടാതെ വഖഫ് രേഖ പ്രകാരം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് ഫാറൂഖ് കോളേജെന്നും അവിടെ എസ്എഫ്‌ഐ ക്കൊക്കെ ഹോളി ആഘോഷിക്കണമെന്ന് പറഞ്ഞാല്‍ അതങ്ങനെ വകവെച്ചു കൊടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ജൗഹറിന്റെ ഓഡിയോ.

മുസ്ലീം ലീഗിന്റെ ഉന്നത നേതൃത്വം ആദ്യമായാണ് അധ്യാപകനെ പരസ്യമായി പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

error: Content is protected !!