ഇസ്രയേല്‍ വെടിവയ്പ്; 16 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേല്‍ വെടിവയ്പ്. പതിനാറുകാരനുൾപ്പെടെ 16 പലസ്തീൻകാർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. പലസ്തീൻ–ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്കു തുടക്കം കുറിച്ചുള്ള പ്രതിഷേധ പ്രകടനത്തിനിടെയാണു വെടിവയ്പുണ്ടായത്. സമീപകാലത്ത് ഗാസയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്.

1970ല്‍ ഇസ്രയേല്‍ സൈന്യം നടത്തിയ കയ്യേറ്റത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ പ്രതിഷേധവുമായെത്തിയ പലസ്തീനികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അതേസമയം പ്രകോപനമുണ്ടാക്കിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.

ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരങ്ങളാണ് ഇന്നലെ പ്രതിഷേധറാലിയായി എത്തിയത്. അതിര്‍ത്തിയോട് ചേര്‍ന്ന് തയ്യാറാക്കിയ താല്‍കാലിക ക്യാംപുകളിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രക്ഷോഭകാരികള്‍ തങ്ങിയിരുന്നത്. ഇതിനിടെ സംഘത്തിലെ ചില യുവാക്കള്‍ അതിര്‍ത്തിയിലെ ഇസ്രേയല്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ കല്ലെറിയാന്‍ ആരംഭിച്ചതോടെ സംഘര്‍ഷമാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേലില്‍ കുടുങ്ങിയ പലസ്തീനികളെ തിരിച്ചു വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പലസ്തീനികളുടെ പ്രതിഷേധം. അതിര്‍ത്തിയിലെ അഞ്ച് പ്രതിഷേധ കേന്ദ്രങ്ങളിലുമായി 17,000-ത്തോളം പേര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധവകുപ്പിന്റെ കണക്ക്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും പലസ്തീനികള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. നാല് വര്‍ഷമായി തുടരുന്ന അന്തരീക്ഷം വരും ദിവസങ്ങളില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര നിരീക്ഷകര്‍.

error: Content is protected !!