ബോളിവുഡില്‍ ഇനി കല്യാണ മാമാങ്കം

ബോളിവുഡ് അടുത്ത വിവാഹ ആഘോഷത്തിനൊരുങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും സ്വപ്നസമാനമായ വിവാഹം പലരുടെയും മനസ്സിൽ നിന്ന് ഇനിയും പോയിക്കാണില്ല. അതിനിടയിലേക്കിതാ മറ്റൊരു സൂപ്പർ ജോഡി കൂടി വിവാഹിതരാകാൻ പോകുന്നത്. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ദീപിക പദുക്കോണും രൺവീർ സിങ്ങും ഉടന്‍ വിവാഹിതരാകുമെന്നാണ് വിവരം. മൂന്നുനാലുമാസത്തിനുള്ളിൽ ദീപികയുടെ കഴുത്തിൽ രൺവീർ മിന്നു ചാർത്തുമെന്നാണ് കേൾക്കുന്നത്.

വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ദീപികയുടെ മാതാപിതാക്കൾ ബെംഗളൂരുവിൽ നിന്നും മുംബൈയിലെത്തി രൺവീർ സിങ്ങിന്റെ മാതാപിതാക്കളെ സന്ദർശിച്ചുവെന്നും പറയുന്നുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായിരിക്കും കൂടുതൽ സാധ്യത. വിവാഹം മുംബൈയിൽ വച്ചു തന്നെ നടത്തണമെന്നാണ് രൺവീറിന്റെ കുടുംബത്തിന്റെ ആഗ്രഹം.

അതേസമയം സൗത്ത്ഇന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹശേഷം സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീര വിരുന്നും ഇരുവരുടെയും കുടുംബം സംഘടിപ്പിക്കും.‌വിവാഹത്തിനു മുന്നോടിയായി ദീപിക ഷോപ്പിങ്ങ് ആരംഭിച്ചുവെന്നും വിവരമുണ്ട്. രൺവീറിനും കുടുംബത്തിനൊപ്പമാണ് ദീപിക ഷോപ്പിങ് നടത്തിയത്. വിവാഹത്തിനായുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ രൺവീറിന്റെ കുടുംബത്തിനൊപ്പം ലണ്ടനിലാണിപ്പോൾ ദീപിക.

സഞ്ജയ് ലീലാ ബൻസാലിയുടെ 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് പല െപാതുവേദികളിലും ദീപികയ്ക്കൊപ്പം കൈകോർത്ത് രൺവീറിനെയും കാണുന്നതു പതിവായതോടെ അതൊരു പരസ്യമായ പ്രണയവുമായി മാറി. പ്രണയത്തെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുന്ന ദീപികയും രൺവീറും പക്ഷേ തങ്ങൾ പ്രണയത്തിൽ അല്ലെന്നും ഇതുവരെ പറഞ്ഞിട്ടില്ല.

അടുത്തിടെ ഒരു വിഡിയോയിലൂടെ രൺവീർ ദീപികയോടുള്ള പ്രണയം പരസ്യമായി പറയുകയും ചെയ്തിരുന്നു. ” നിന്നെപ്പോലെ മറ്റാരുമില്ല, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ഒരുപാടു സ്നേഹിക്കുന്നു”– എന്നായിരുന്നു രൺവീർ പറഞ്ഞത്. എന്തായാലും അധികം വൈകാതെ മറ്റൊരു വിവാഹമാമാങ്കത്തിനു കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന് ഏറെക്കുറെ ഉറപ്പായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ.

error: Content is protected !!