ശ്രീദേവിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മാവന്‍

ശ്രീദേവിയുടെ മരണം ഇന്നും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഈയവസരത്തില്‍ ജീവിതത്തില്‍ ശ്രീദേവിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാല്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണിപ്പോള്‍. നടിയുടെ മരണത്തിന് പിന്നാലെ വന്ന ചില അഭ്യൂഹങ്ങള്‍ പോലെ തന്നെ സന്തോഷകരമായ കുടുംബജീവിതമായിരുന്നില്ല ശ്രീദേവിയുടേതെന്ന് വേണുഗോപാല്‍ പറഞ്ഞു.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തില്‍ അമ്മ തീരെ തല്‍പരയായിരുന്നില്ലെന്നു പറയുന്നു അദ്ദേഹം. വിവാഹിതനായിരുന്ന ബോണി ഭാവിമരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ബോണി വലിയ യാഥാസ്ഥിതികനുമായിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.

സാമ്പത്തികമായും വന്‍ തിരിച്ചടികളാണ് ശ്രീദേവിക്ക് നേരിടേണ്ടി വന്നത്. സിനിമകള്‍ തുടരെ പരാജയപ്പെട്ടു. അതിന്റെ ഫലമായി വന്ന വന്‍ സാമ്പത്തിക ബാദ്ധ്യതകള്‍ ബോണി പരിഹരിച്ചത് ശ്രീദേവിയുടെ പേരിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കള്‍ നിസ്സാരവിലയ്ക്ക് വിറ്റു തുലച്ചിട്ടാണ്. അത് അവര്‍ക്ക് വലിയ ദുഖമാണുണ്ടാക്കിയത്. സിനിമയിലേക്കു തിരിച്ചുവരാനുള്ള കാരണവും ഇത്തരം പ്രതിസന്ധികളായിരുന്നു. അതിനിടയില്‍ അര്‍ജ്ജുന്‍ കപൂറുമായുള്ള പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ താന്‍ തളര്‍ന്നു പോയതായി ശ്രീദേവി പലരോടും പറഞ്ഞിട്ടുള്ളതായും വേണുഗോപാല്‍ വെളിപ്പെടുത്തി.
ആദ്യവിവാഹം തകര്‍ത്തുവെന്ന പേരും പറഞ്ഞ് ബോണിയുടെ അമ്മ ശ്രീദേവിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട് . ബോണി പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ തനിയ്ക്കും മക്കള്‍ക്കും ഇനി ആരുമുണ്ടാവില്ലെന്ന തോന്നലും നടിയെ മാനസികമായി വല്ലാതെ അലട്ടിയിരുന്നതായി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!