കീഴാറ്റൂരിൽ സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം നാളെ

സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽക്കിളികളുടെ ‘വയൽകാവൽ’ സമരത്തിനെതിരെ സിപിഎമ്മിന്റെ ‘നാടുകാവൽ’ സമരം നാളെ.നാളെ വൈകിട്ടു കീഴാറ്റൂർ വയലിൽ കാവൽപ്പുര സ്ഥാപിച്ച ശേഷം തളിപ്പറമ്പ് പട്ടണത്തിലേക്കു മാർച്ച് നടത്താനാണു പരിപാടി.പാർട്ടി ഗ്രാമമായ കീഴാറ്റൂരിലെ പ്രശ്നങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടുന്നതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവൽ‌ സമരം സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി.ജയരാജൻ, എംഎൽഎമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

മൂവായിരത്തിലേറെ പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. തുടർന്നു തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ കൺവൻഷൻ നടത്തും.മറ്റന്നാള്‍ ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ വയൽക്കിളികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിൽ രണ്ടായിരം പേരെ പങ്കെടുപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.പുറത്തു നിന്നുള്ളവരെ കീഴാറ്റൂരിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്.മറ്റന്നാള്‍ വയൽക്കിളി ഐക്യദാർഢ്യ മാർച്ചിനു ‘പുറത്തു നിന്നു’ വരുന്നവരെ തടയുമോ എന്നു സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രദേശത്തു സംഘർഷത്തിനു സാധ്യതയുണ്ടെന്നു സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

error: Content is protected !!