വിദേശികളോട് വീണ്ടും കണ്ണന്താനം; ഇന്ത്യയില്‍ ബിക്കിനിയിട്ട് നടക്കരുത്

ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ ബിക്കിനി ധരിക്കരുതെന്ന് കണ്ണന്താനത്തിന്റെ ഉപദേശം. ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്കാരം എന്തെന്ന് മനസിലാക്കണം. അതിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ഇട്ട് നടക്കുന്നത് സാധാരണമാണെന്നും എന്നാല്‍ ഇന്ത്യയില്‍ അത് അനുവദിക്കാനാവില്ലെന്നും കണ്ണന്താനം പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് ഒരു രാജ്യത്തിന്റെ സംസ്‌കാരം മനസിലാക്കാനുള്ള വിവേകം വേണം. ആ സംസ്‌കാരം മനസിലാക്കി വേണം പെരുമാറാന്‍. ഗോവയിലെ ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ ബിക്കിനി ധരിച്ചു പുറത്തിറങ്ങാറുണ്ട്. എന്നാല്‍ നഗരങ്ങളിലേക്ക് വരുമ്പോള്‍ ആ വേഷത്തില്‍ പുറത്തിറങ്ങരുതെന്നുമാണ് കേന്ദ്രമന്ത്രിയുടെ ഉപദേശം.

വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നും ബീഫ് കഴിക്കാമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നുമുള്ള വിവാദ പ്രസ്താവന സൃഷ്ടിച്ച അപഖ്യാതി ഇതുവരെ വിട്ടു മാറിയിട്ടില്ല കണ്ണന്താനത്തിന്. അതിന് പിന്നാലെയാണ് കേന്ദ്ര ടൂറിസം മന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബിക്കിനി വിവാദം കൂടി ഉയര്‍ത്തി വിട്ടിരിക്കുന്നത്.

ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും പക്ഷെ സ്വീകാര്യമായ വസ്ത്രം ധരിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!