ജാതിരഹിത വിദ്യാര്‍ഥികള്‍; വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്. ഒന്നേകാൽ ലക്ഷം കുട്ടികൾ ജാതി, മതം എന്നീ കോളങ്ങൾ പൂരിപ്പിക്കാതെയാണു പ്രവേശനം നേടിയതെന്ന വിദ്യാഭ്യാസവകുപ്പിന്റെ കണക്കിൽ പിശകില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ വിശദമാക്കി.

നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രിയാണ് മതവും ജാതിയുമില്ലാത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്. 2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത-ജാതിരഹിതരാണ്.

സ്കൂളുകളിൽ പ്രവേശനം നൽകുന്നത് സമ്പൂര്‍ണ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. ഹെഡ്മാസ്റ്റർ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമായിരിക്കും വിദ്യാർഥികളുടെ വിവരങ്ങൾ കംപ്യൂട്ടറിൽ അപ്‌‌ലോഡ് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ്‌വെയറിലും പിഴവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളെ ചേർക്കുമ്പോൾ മതം, ജാതി എന്നിവ നിർബന്ധമായും പൂരിപ്പിക്കേണ്ടതില്ല. കംപ്യൂട്ടറിൽ വിവരങ്ങൾ ചേർക്കുമ്പോൾ നിർബന്ധമായി ഉൾപ്പെടുത്തേണ്ടാത്ത കാര്യങ്ങൾ വിട്ടു കളയുന്നത് സ്കൂൾ അധികൃതരുടെ പതിവാണ്. കംപ്യൂട്ടറിൽ നിന്നാണ് സംസ്ഥാനത്തെ വിദ്യാർഥികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!