വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓൺലൈൻ പോർട്ടലായ പോസ്റ്റ് കാർഡ് ന്യൂസിന്‍റെ സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് കോൺഗ്രസ് നേതാവിന്‍റെ പരാതിയിൽ ഇയാളെ അറസ്റ്റുചെയ്തത്. ശ്രാവണബലെഗൊളയിൽ വാഹനാപകടത്തിൽ ഒരു ജൈനസന്യാസിക്ക് പരിക്കേറ്റ സംഭവത്തെ വളച്ചൊടിച്ച് വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലാണ് പോസ്റ്റ് കാർഡ് ന്യൂസ് വാർത്ത നൽകിയത്.

മാര്‍ച്ച് 18 നാണ് കേസിന് ആസ്പദമായ വാര്‍ത്ത പോസ്റ്റ് കാര്‍ഡ് ന്യൂസിലൂടെ പ്രചരിക്കുന്നത്. അതേസയമം, മഹേഷ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സുരേഷ് കുമാര്‍ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ പരാതി കൂടാതെ മറ്റൊരു പരാതിയും മഹേഷിന് എതിരായുണ്ട്. റാണി ചെന്നമ്മയെയും ഒനാകെ ഒബാവയെയും കുറിച്ച് നല്‍കിയ വ്യാജവാര്‍ത്തകളിലാണ് രണ്ടാമത്തെ പരാതി.

error: Content is protected !!