ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മാപ്പ് പറഞ്ഞ് മുന്‍ സിപിഎം പ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ താൻ യഥാർഥത്തിൽ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും കേസിലെ പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ സി.ഒ.ടി.നസീർ ഉമ്മൻചാണ്ടിയോടു നേരിട്ടു പറഞ്ഞു.

കണ്ണൂരില്‍ പോലീസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നെറ്റിയുടെ ഇരുഭാഗത്തും നെഞ്ചിലും ഉമ്മന്‍ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജന്‍, പി.ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനം പൊലീസ് മൈതാനിയിലേക്ക് കടന്നുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒന്നാം ഗേറ്റിനു സമീപത്ത് വെച്ച് കാറിനുനേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി കല്ലേറുണ്ടായി. കല്ലേറില്‍ കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴാണ് നെറ്റിയുടെ ഇരുഭാഗത്തുമായി പരിക്കുപറ്റി ചോര പൊടിഞ്ഞത് കണ്ടത്. തുടര്‍ന്ന് അദേഹത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നസീര്‍ അടക്കമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

കേസിലെ എൺപതാം പ്രതിയാണ് സി.ഒ.ടി.നസീർ. തലശേരി നഗരസഭാംഗമായിരുന്ന നസീർ ഇപ്പോൾ സിപിഎം അംഗമല്ല. സോളർ കേസുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് 2013 ഒക്ടോബർ 27 നായിരുന്നു ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞത്. തലശേരി ഗവ. റസ്റ്റ് ഹൗസിൽ വച്ചാണു നസീർ ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്.

error: Content is protected !!