സാറ ടെണ്ടുല്‍ക്കറിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; ടെക്കി പിടിയില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ ടെക്കി അറസ്റ്റില്‍. മുംബൈയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് പ്രതി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ നിതിന്‍ ഷിഷോഡാണ് സംഭവത്തില്‍ അറസ്റ്റിലായത്.

നിതിന്റെ ലാപ്ടോപ്, രണ്ടു മൊബൈൽ ഫോൺ, റൂട്ടർ, മറ്റു കംപ്യൂട്ടർ ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സച്ചിന്റെ പഴ്സനേൽ അസിസ്റ്റന്റിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ലണ്ടനിൽ പഠിക്കുകയാണു സാറ. വ്യാജ അക്കൗണ്ട് വിവരം അറിഞ്ഞപ്പോൾ സച്ചിൻ ഞെട്ടിയെന്നു പിഎ പറഞ്ഞു.

@sarasachin_rt എന്ന അക്കൗണ്ടിൽ ഇന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമർശങ്ങളാണുള്ളത്. ‘എസ്പി (ശരദ് പവാർ) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവർക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തെന്നതു കുറച്ചുപേർക്കേ അറിയൂ’ എന്നായിരുന്നു ഒടുവിലിട്ട പ്രതികരണം. അന്വേഷണത്തിൽ ഇത് വ്യാജ അക്കൗണ്ട് ആണെന്നു മനസ്സിലായതിനെത്തുടർന്നാണു അറസ്റ്റെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം സാറയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിന് ബംഗാള്‍ സ്വദേശിയായ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. മുംബൈ, പശ്ചിമ ബംഗാള്‍ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് 32 കാരനായ പ്രതിയെ അന്ന് പിടികൂടിയത്.

error: Content is protected !!