ബിനോയ്‌ കോടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ ഊർജിതശ്രമം. കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർപ്പാക്കാനാണു ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ട്. യുഎഇയിലെ യാത്രാവിലക്കു നീക്കുന്നതിനു നിയമപരമായി നടത്തുന്ന നീക്കങ്ങൾ ഉദ്ദേശിച്ചത്ര ഫലം കണ്ടിരുന്നില്ല.

ഈ സാഹചര്യത്തില്‍ കൂടിയാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഈസ്മായില്‍ മര്‍സൂഖിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിന് നീക്കം നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചില വ്യവസായ പ്രമുഖരും വിഷയത്തില്‍ ഇടപെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

ഇതിനിടെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

ബിനോയ് കോടിയേരിക്ക് വിദേശത്ത് മൂലധനം ഉണ്ടെങ്കില്‍ അത് അധ്വാനത്തിന്റെ ഫലമായിരിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസില്‍പ്പെടുന്ന ആദ്യവ്യക്തിയല്ല ബിനോയ് കോടിയേരി. ബിനോയിക്ക് ഗള്‍ഫില്‍ എന്ത് വ്യവസായമാണെന്ന് അറിയില്ലെന്നും കടകംപള്ളി പറയുന്നു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഇല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് അപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെതിരെ ദുബായിൽ കൂടുതൽ കേസുകളുണ്ടെന്നു വ്യക്തമായി. വിവിധ സ്റ്റേഷനുകളിലായി എട്ടു കേസുകളാണു ശ്രീജിത്തിനെതിരെയുള്ളത്. ഏകദേശം ഒരു കോടി ദിർഹത്തിന്റെ തട്ടിപ്പു നടത്തിയ ശേഷമാണു ശ്രീജിത്ത് ദുബായ് വിട്ടത് എന്നാണ് അറിയുന്നത്. തൊഴിലാളികൾക്കു ശമ്പളം നൽകാതിരുന്നതിന്റെ പേരിൽ ശ്രീജിത്തിന് എതിരെ ലേബർ കോടതിയിലും കേസ് നിലനിൽക്കുന്നുണ്ട്. വണ്ടിച്ചെക്കു നൽകിയ കേസിൽ കഴിഞ്ഞ മേയിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു.

error: Content is protected !!