ജേക്കബ് തോമസ് വിസിൽബ്ലോവറല്ല, സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാല്‍

ജേകബ് തോമസ് സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. വിസിൽബ്ലോവേഴ്സ് നിയമപ്രകാരം സംരക്ഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ സംസ്ഥാന സർക്കാർ. അഴിമതി വിരുദ്ധ നിലപാടിനു ജേക്കബ് തോമസ് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. വിസിൽബ്ലോവറെന്ന പരിഗണന ജേക്കബ് തോമസിനു നൽകാനാകില്ല. ജേക്കബ് തോമസ് സർക്കാർ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയായിരുന്നു. അതിനാൽ അഴിമതി പുറത്തുകൊണ്ടുവരുകയെന്ന പരിഗണന ലഭിക്കില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണു ജേക്കബ് തോമസ് കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ നിരന്തരമായി നടത്തിയ വിമര്‍ശനങ്ങളുടെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നല്‍കി. എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് സര്‍ക്കാരിന് മറുപടി നല്‍കിയത്.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസ്സെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. ജേക്കബ് തോമസിനെതിരെ കൂടുതൽ നടപടി സർക്കാർ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം നിയമപോരാട്ടം തുടങ്ങിയത്. 2017 മാർച്ചിൽ വിജിലൻസ് ഡയറക്ടറായിരിക്കെ, വിസിൽബ്ലോവേഴ്സ് നിയമപ്രകാരം സംരക്ഷണം വേണമെന്നു ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത മാസം അദ്ദേഹത്തെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

error: Content is protected !!