താജ്മഹല്‍ ശിവക്ഷേത്രമല്ല; ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമെന്ന് പുരാവസ്തു വകുപ്പ്

താജ് മഹലിനെ വിവാദങ്ങള്‍ ഒഴിയാതെ പിന്തുടരാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. താജ്മഹല്‍ സ്ഥിതി ചെയ്യുന്നിടത്ത് ശിവക്ഷേത്രമായിരുന്നെന്നും വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്ക് തുറന്ന് നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് താജ്മഹല്‍ മുഗള്‍ രാജാവ് ഷാജഹാന്റെയും മുംതാസിന്റെയും ശവകൂടിരം മാത്രമാണെന്നും ശിവക്ഷേത്രമല്ലെന്നും കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സത്യവാങ്മൂലം. ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുന്നത്.

താജ്മഹല്‍ പ്രാചീനകാലത്ത് ശിവക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് ആരാധാന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച് അഭിഭാഷകനായ രാജീവ് കുല്‍ക്ഷേത്ര ഫയല്‍ ചെയ്ത കേസിലാണ് പുരാവസ്തുവകുപ്പിന്റെ അഭിഭാഷകനായ അഞ്ജിനി ശര്‍മ്മ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. മുഗള്‍ ഭരണകാലത്തെ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനുവേണ്ടി പണികഴിപ്പിച്ചതാണ് താജ്മഹലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്ന് പറയാന്‍ യാതൊരു തെളിവുകളില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കുന്നു. ഈ ആരോപണം കെട്ടുകഥയില്‍ മെനഞ്ഞെടുത്തതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന് തെളിയിക്കാന്‍ രേഖകളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ പറഞ്ഞിരുന്നു.

ആഗ്രയിലെ കൊട്ടാരം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണെന്നും രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ കൊട്ടാരം നിര്‍മ്മിച്ചതെന്നുമായിരുന്നു ചില ഹൈന്ദവ സംഘടനകള്‍ വാദിച്ചിരുന്നത്.

സന്ദര്‍ശകര്‍ക്കുവേണ്ടി താജ്മഹലിന്റെ ഏത് ഭാഗമാണ് തുറന്നകൊടുക്കേണ്ടതെന്നും ഏത് ഭാഗമാണ് അടച്ചിടേണ്ടതെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പുരാവസ്തുവകുപ്പിന്റെ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

error: Content is protected !!