വൈദ്യുതി ബില്‍ ഇനി മലയാളത്തില്‍; ഷാജിയുടെ അപേക്ഷയ്ക്ക് സര്‍ക്കാരിന്‍റെ അംഗീകാരം

ഭരണ ഭാഷ മലയാളമാക്കണമെന്ന ഉത്തരവുണ്ടെങ്കിലും ഇതുവരെയും ഒരു വകുപ്പിലും ഇത് നടപ്പിലായിട്ടില്ല. അതിനിടെയാണ് വൈദ്യുതി ബില്‍ മലയാളികരിക്കണമെന്ന മുഹമ്മ സ്വദേശി ഷാജിയുടെ അപേക്ഷയ്ക്ക് സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. മുഹമ്മ ചിട്ടി ഓഫീസ് വെളിയില്‍ സി.പി.ഷാജിയുടെ ആശയമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. വൈദ്യുതി ബില്‍ മലയാളീകരിക്കണമെന്നും നിലവിലെ ഇംഗ്ലീഷിലെ ബില്ലിങ് സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ബില്‍ മലയാളത്തില്‍ നല്‍കണമെന്നുമായിരുന്നു ഷാജി മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിന് നടപടി ആരംഭിച്ചെന്നും ചീഫ് എഞ്ചിനിയര്‍ ഷാജിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.

കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റില്‍ നിന്നും ഇത്തരത്തില്‍ മലയാളത്തിലുള്ള ബില്‍ ഉടന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ഭരണതലത്തില്‍ ഭരണ ഭാഷ മലയാളമാക്കണമെന്ന ഉത്തരവിരിക്കെ പലയിടത്തും ഇത് നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷാജിയുടെ ആശയത്തിന് അംഗീകാരം ലഭിക്കുന്നത്.
മുന്‍പ് കയര്‍ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കയര്‍വകുപ്പിനും അന്നത്തെ കയര്‍ മന്ത്രിയായിരുന്ന ജി.സുധാകരനും ഷാജി കത്തയച്ചിരുന്നു. ഇതിന്റെ ഫലമായി 2012 നവംബര്‍ അഞ്ച് കയ ര്‍ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളാ ലോട്ടറിയുടെ പിന്‍ഭാഗത്ത് ഇംഗ്ലീഷില്‍ അച്ചടിച്ചിരുന്ന നിബന്ധനകള്‍ മലയാളത്തിലാക്കിയതും കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഷാജിയുടെ ആവശ്യമായിരുന്നു.

error: Content is protected !!