മുഖ്യമന്ത്രിയില്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന് യു ഡി എഫ്; സമാധാന യോഗം ബഹിഷ്കരിച്ചു

കണ്ണൂരില്‍ സമാധാനയോഗത്തിനിടെയും കോണ്‍ഗ്രസ്-സിപിഐഎം നേതാക്കള്‍ തമ്മില്‍ പോര്. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്.
യോഗം ആരംഭിച്ചയുടൻ തന്നെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ പാച്ചേനി ചോദ്യം ചെയ്തതാണു വാക്കേറ്റത്തിനിടയാക്കിയത്. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നു സതീശൻ പാച്ചേനി വാദിച്ചു.

യോഗസ്ഥലത്ത് ക്ഷണിക്കാതിരുന്ന എംഎല്‍എമാരായ കെ സി ജോസഫ്, സജീവ് ജോസഫ്, കെ എം ഷാജി എന്നിവര്‍ സംഭവ സ്ഥലത്തെത്തുകയും ജനപ്രതിനിധികളായ തങ്ങള്‍ക്ക് എന്താണ് വിലക്കെന്ന ചോദ്യമുന്നയിച്ചതോടെ. യോഗസ്ഥലത്തു നിന്ന് പിന്മാറാന്‍ താന്‍ കെ കെ രാകേഷ് എം.പി തീരുമാനിക്കുകയായിരുന്നു.

ഇതിനു പിന്നാലെ കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു. അരമണിക്കൂറോളം നീണ്ട തർക്കത്തിനുശേഷമാണ് യോഗത്തിൽനിന്നു നേതാക്കൾ ഇറങ്ങിപ്പോയത്. അതിനിടെ, യുഡിഎഫ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് ഇരച്ചുകയറി. പിന്നീട് പുറത്തെത്തിയ കെ.സി. ജോസഫ് എംഎൽഎ, സമാധാന യോഗം വിളിച്ച സർക്കാരിന് ആത്മാർഥതയില്ലെന്നു മാധ്യമങ്ങളോട് അറിയിച്ചു. സമാധാനയോഗം വെറും പ്രഹസനമായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയടക്കം, കണ്ണൂർ ജില്ലയിൽ മൂന്നു മന്ത്രിമാരുണ്ട്. ഇവരാരും ഇതുവരെ ഷുഹൈബിന്റെ വീടു സന്ദർശിച്ചിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം, പി. ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ ഇനി കോൺഗ്രസ് പങ്കെടുക്കില്ലെന്നും സതീശൻ പാച്ചേനി അറിയിച്ചു. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ മാത്രമേ ഇനി കോൺഗ്രസ് പങ്കെടുക്കൂയെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

കൂടാതെ, ഷുഹൈബ് വധക്കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ നിരാഹാരസമരം കണ്ണൂരില്‍ തുടരുകയാണ്. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം. അടുത്തദിവസം ഡിജിപിയെ നേരില്‍കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നൽകും.

error: Content is protected !!