സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 19 വര്‍ഷത്തിന് ശേഷം ഭീമന്‍ നഷ്ടം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [എസ്. ബി ഐ] 2017 – 18 ഒക്ടോബർ – ഡിസംബർ കാലയളവിൽ [മൂന്നാം പാദം] വൻ നഷ്ടത്തിലായി. ഈ പാദത്തിൽ 2416 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ 19 വർഷത്തിനിടയിൽ ഇതാദ്യമായാണ് ബാങ്ക് നഷ്ടത്തിലാകുന്നത്. കുത്തനെ ഉയർന്ന കിട്ടാക്കടത്തിന് ആവശ്യമായ കരുതൽ ധനം ബാങ്കിന്റെ ഫണ്ടിൽ നിന്നും കണക്കാക്കേണ്ടി വന്നതാണ് വൻ നഷ്ടത്തിലേക്ക് കൂപ്പു കുത്താൻ കാരണം. മൂന്നാം പാദത്തിലെ മാത്രം കിട്ടാക്കടം 1991 കോടി രൂപയാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം ഏഴു ബാങ്കുകൾ ലയിപ്പിച്ചതിനു ശേഷം ബാങ്കിന്റെ പ്രവർത്തനം താളം തെറ്റുന്നു എന്നത് കൂടി ഈ പ്രവർത്തന ഫലം വ്യക്തമാക്കുന്നുണ്ട്. ഇക്കുറി 1900 കോടി രൂപയുടെ ലാഭം ഉണ്ടാകുമെന്ന് കരുതിയിരുന്ന സ്ഥാനത്തു നഷ്ടം ഉണ്ടായത് നിക്ഷേപകർക്ക് അപ്രതീക്ഷിത ആഘാതമായി. ഇൻവെസ്റ്റ്മെന്റ് ബിസിനസിൽ 3400 കോടിയുടെ നഷ്ടം വരുത്തിയത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനു മുൻപ് 1999 ജനുവരി – മാർച്ച് കാലയളവിലാണ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്.

കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഇടപാടുകാരെ പിഴിയുന്ന സമീപനം അടുത്ത കാലത്തു വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും ഉയർന്ന പിഴ ഈടാക്കി സാമ്പത്തിക പ്രതിസന്ധി മറി കടക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എസ് . ബി ഐ. എന്നാൽ ഈ അടവുകളൊന്നും വിലപോകാതെ വന്നതാണ് നഷ്ടം രേഖപ്പെടുത്താൻ കരണമായിരിക്കുന്നത്.

error: Content is protected !!