കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ നീക്കം ???

കെഎം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സില്‍ ത്വരിതനീക്കം നടക്കുന്നതായി സൂചന. മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ പറഞ്ഞു. ബാര്‍കോഴ, ബാറ്ററി, കോഴി നികുതിയിളവ് കേസുകളില്‍ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് നിയമോപദേശം കൊടുത്തിട്ടും അന്വേഷണം അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമെന്ന അതീവ ഗുരുതരമായ ആരോപണമാണ് കെപി സതീശന്‍ ഉന്നയിച്ചിരിക്കുന്നത്.

വിജിലന്‍സ് മെല്ലെപോക്ക് തുടരുകയാണ്. തെളിവുള്ള കേസുകള്‍ കൂടി അവസാനിപ്പിക്കാനുള്ള ത്വരിതനീക്കമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കൊന്നും അറിയില്ല. ബാറ്ററി കേസില്‍ കെഎം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു തന്റെ ശുപാര്‍ശ. എന്നാല്‍ കേസ് അവസാനിപ്പിച്ചെന്ന് താന്‍ പത്രത്തിലൂടെയാണ് അറിഞ്ഞത്. ബാര്‍ കോഴയിലടക്കം കെഎം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ച മുതിര്‍ന്ന അഭിഭാഷകനാണ് കെപി സതീശന്‍.

ബാര്‍ കോഴ കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാരെന്നുപോലും അറിയില്ല. അടുത്തകാലത്ത് ഒരു ഫയലും കണ്ടിട്ടില്ല. കാര്യങ്ങളൊന്നും സുതാര്യമല്ല. കോഴി നികുതിയിളവ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ തന്നെ അന്വേഷണ ഉദ്യഗോസ്ഥന്‍ വന്ന് കണ്ടിട്ടേയില്ല. കേസിന്റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ല. വിജിലന്‍സിലുളള സാധാരണ ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും മുന്‍ സിബിഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ പി സതീശന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.

കെഎം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കപ്പെട്ടുവെന്ന വിവരമാണ് കെപി സതീശന്റെ വാക്കുകളിലൂടെ പുറത്തു വരുന്നത്. ഇത് രാഷ്ട്രീയമായ കരുനീക്കമാണോ എന്നും സംശയമുയരുന്നു. ഏറ്റവും വലിയ കര്‍ഷക വിരുദ്ധരാണ് കോണ്‍ഗ്രസെന്ന് തുറന്നടിച്ച മാണി, വര്‍ഷങ്ങളോളം ഭാഗമായ യുഡിഎഫിനെ പരസ്യമായി തള്ളിപ്പറിഞ്ഞിരുന്നു. എല്‍ഡിഎഫിനൊ യുഡിഎഫിനോ ഒപ്പമല്ല കേരളകോണ്‍ഗ്രസെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് അനുകൂല നീക്കമാണ് കെഎം മാണിയുടെയും, ജോസ് കെ മാണിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. മാണിയെ എല്‍ഡിഎഫിനൊപ്പം കൂട്ടാനുള്ള ത്വരിത നീക്കം സിപിഐഎമ്മിനകത്തുണ്ട്. ഇതിന്റെ ഭാഗമായ രാഷ്ട്രീയ സഹായമാണോ,മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സംശയം ശക്തമാണ്.

error: Content is protected !!