ബഹറയുടെ നിയമനം; ചട്ടലംഘനമെന്ന് വിവരവകാശ രേഖ

വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്‌ ചട്ടം ലംഘിച്ചെന്ന്‌ വിവരവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ നിയമിച്ചതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

2017 മാര്‍ച്ച് 31 നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറായി ബെഹ്റയെ നിയമിക്കുന്നത്. ഐപിസി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ബെഹ്റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടുകയോ ഔദ്യോഗികമായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ നിയമനം ചട്ടലംഘനമാണ്.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പ്രവര്‍ത്തനം മോശമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബെഹ്‌റ ചുമതലയേറ്റതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളിലാണു തെളിവില്ലെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്. അഴിമതിക്കേസുകളില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 പേരുടെ സസ്‌പെന്‍ഷന്‍, ചുമതലയേറ്റ 11 മാസത്തിനിടെ റദ്ദാക്കിയിട്ടും ഉണ്ട്. അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും പതിവാണ്.

error: Content is protected !!