ശുഹൈബിന്‍റെ കൊലയ്ക്ക് കാരണം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആര്‍

യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വി.ഡി. സതീശനും കെ. സുധാകരനും ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളി മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളില്‍ മാത്രമാണു വെട്ടേറ്റതെന്നും ചോര വാര്‍ന്നാണു മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഷുഹൈബിനെതിരെ കൊലവിളി മുഴക്കി സിപിഎം പ്രകടനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു, ഞങ്ങളോടു കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ല’ എന്നും മറ്റുമായിരുന്നു മുദ്രാവാക്യങ്ങള്‍.

എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു.

അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്നു കെ. സുധാകരൻ പറഞ്ഞു. സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്നും സുധാകരൻ പറഞ്ഞു.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് സിപിഎം കൊലപാതകം നടത്തിയതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ ആരോപിച്ചു. തീവ്രവാദി സംഘടനകൾ പോലും പ്ലാൻ ചെയ്യാത്ത രീതിയിൽ പദ്ധതി നടപ്പാക്കി സിപിഎം കില്ലർ ഗ്രൂപ്പുകൾ കൊലപാതകം നടത്തുന്നു. അക്രമത്തിൽ പങ്കില്ലെന്നത് സിപിഎമ്മിന്റെ സ്ഥിരം പല്ലവിയാണെന്നും സതീശൻ പറഞ്ഞു. ഉപവാസസമരം നാളെ രാവിലെ പത്തിന് അവസാനിക്കും.

error: Content is protected !!