ശുഹൈബിന് വധഭീഷണി ഉണ്ടായിരുന്നെന്ന് പിതാവ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് വീട്ടിൽ വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.മുമ്പ് ജയിലിൽ വച്ചും ഷുഹൈബിനെ ആക്രമിക്കാൻ ശ്രമം നടന്നതായും മുഹമ്മദ് വ്യക്തമാക്കി. ചിലര്‍ പിന്തുടരുന്നുവെന്ന് ശുഹൈബ് ശബ്ദ സന്ദേശം അയച്ചതായും പിതാവ് പറയുന്നു.

ശുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്നത്തില്‍ കെഎസ്യുവിനുവേണ്ടി ഇടപെട്ടതാണ് ശത്രുതയ്ക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു.

സംഭവം നടന്ന് ഇതുവരെയായിട്ടും പോലീസ് അന്വേഷണത്തിനു വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം ശുഹൈബിന്റെ വധത്തില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഫ്ഐആര്‍. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി 30 ലധികം പേരെ ഇതുവരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ശുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളി മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളില്‍ മാത്രമാണു വെട്ടേറ്റതെന്നും ചോര വാര്‍ന്നാണു മരണമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!