അധികാരത്തിലെത്തിയാല്‍ ജി എസ് ടി നിരക്ക് ലഘൂകരിക്കുമെന്ന് രാഹുല്‍ ഗാന്ധി

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയിന്മേലുള്ള ആശങ്കകള്‍ പരിഹരിച്ച് നിരക്കുകള്‍ ലഘൂകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ജനാശീര്‍വാദ യാത്രയുടെ സമാപന ദിവസം കല്‍ബുര്‍ഗിയില്‍ സംരംഭകരുമായും പ്രഫഷനലുകളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനജീവിതം സുഗമമാക്കുകയായിരുന്നു ജിഎസ്ടിയിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം. സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ അവശ്യസാധനങ്ങളെ നികുതിപരിധിയില്‍നിന്ന് ഒഴിവാക്കി, മറ്റുള്ളവയ്ക്ക് 18% നികുതി എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആശയം. എന്നാല്‍ മോദി സര്‍ക്കാര്‍ അതു സങ്കീര്‍ണമാക്കി. മൂന്നു മാസമെങ്കിലും പരീക്ഷണാടിസ്ഥാനത്തിലിത് നടപ്പിലാക്കി നോക്കിയില്ലെങ്കില്‍ ദുരന്തമാകുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ഉപദേശിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തു കഴിഞ്ഞെന്നായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടിയെന്നും രാഹുല്‍ ആരോപിച്ചു.

ആര്‍എസ്എസ് എല്ലാ മന്ത്രാലയങ്ങളിലും തങ്ങളുടെ ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. എന്‍ഡിഎ മുന്നണയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല. അവരെല്ലാം ആര്‍എസ്എസ് കൈപ്പിടിയിലാണെന്നും, നോട്ട് നിരോധനം പോലും ആര്‍എസ്എസിന്റെ കരുനീക്കമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

error: Content is protected !!