ശുഹൈബ് വധം; കോണ്‍ഗ്രസ് പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പി. ജയരാജന്‍

ശുഹൈബ് വധത്തിന് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടന്ന അക്രമ പരമ്പകള്‍ ഇവയൊക്കെയാണ്, എന്നാരോപിച്ചാണ്‌ ജയരാജന്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ശുഹൈബ് വധത്തില്‍, സിപിഐഎം പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല എന്നും പാര്‍ട്ടി പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ ആവര്‍ത്തിച്ചു.

പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

കഴിഞ്ഞ ദിവസം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ(എം) ന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടി ആ സംഭവത്തെ തള്ളിപ്പറയുകയും അപലപിക്കുകയുമുണ്ടായി. ഇന്ന് മട്ടന്നൂര്‍ ഏരിയ കമ്മറ്റി അത് ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല എന്നും പാര്‍ട്ടി പരസ്യമായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വമാവട്ടെ ആര്‍ എസ് എസ് നടത്തുന്ന ‘ചുവപ്പ് ഭീകരത’ എന്ന പ്രചരണം ഏറ്റെടുക്കുകയാണ് ചെയ്തത്.പ്രചരണം മാത്രമല്ല ആര്‍ എസ് എസിന്റെ മുദ്രാവാക്യങ്ങള്‍ കൂടി സമാധാന വാദികളെന്ന് മേനി നടിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ കടമെടുത്തിട്ടുണ്ട്.

ഞാന്‍ ഇതിനോടൊപ്പം ചേര്‍ത്ത വീഡിയോ നോക്കുക. മുന്‍കാലങ്ങളില്‍ കണ്ണൂരില്‍ ആര്‍ എസ് എസ് മുഴക്കിയ കൊലവിളിയാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ കോണ്‍ഗ്രസ്സുകാര്‍ വിളിച്ചത്. ഇതിനോട് ഇവിടത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാടെന്താണെന്ന് അവര്‍ വ്യക്തമാക്കണം.

സിപിഐ(എം) നെ അക്രമികളുടെ പാര്‍ട്ടിയായി മുദ്രകുത്താനുള്ള സംഘടിതമായ ശ്രമം കോണ്‍ഗ്രസ്സുകാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ലാതെ മൂലക്കിരുന്ന കോണ്‍ഗ്രസ്സുകാര്‍ കൂടി ഈ സന്ദര്‍ഭത്തെ ഉപയോഗിച്ച് കള്ള പ്രചരണം നടത്താന്‍ രംഗത്ത് വരുന്നുണ്ട്. അതിന്റെ ഭാഗമാണ് ചിലരുടെ പ്രസ്താവനകള്‍.

കഴിഞ്ഞ ദിവസം കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഒരു നേതാവ് കള്ളക്കണ്ണീരൊഴുക്കിയ വാര്‍ത്ത പത്രങ്ങളില്‍ കാണാനിടയായി. ഈ മാന്യദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും കണ്ണൂര്‍ ജനതയ്ക്ക് മറക്കാന്‍ കഴിയുമോ? മട്ടന്നൂരിലെ സിപിഐ(എം) പ്രവര്‍ത്തകനായിരുന്ന നാല്‍പാടി വാസുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ‘ഞാനൊരുത്തനെ വെടിവെച്ച് കൊന്നിട്ടുണ്ട്’ എന്ന് പ്രസംഗിച്ച ആളാണ് ഈ നേതാവ്.

സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് സ:നാണുവിനെ കൊലപ്പെടുത്തിയതും ഈ മാന്യദേഹത്തിന്റെ നിര്‍ദേശത്തില്‍ തന്നെ. 1995 ല്‍ സ:ഇ പി ജയരാജനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ആര്‍ എസ് എസ് കാരനായ ക്രിമിനല്‍ പേട്ട ദിനേശനെ അയച്ചതും മറ്റാരുമായിരുന്നില്ല. എണ്ണിയാല്‍ തീരാത്ത അക്രമപരമ്പരയ്ക്കാണ് ഈ നേതാവ് നേതൃത്വം നല്‍കിയത്. മട്ടന്നൂര്‍ പി ആര്‍ എന്‍ എസ് എസ് കോളേജിലെ കെ എസ് യു നേതാവിരുന്ന ബഷീറിനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊന്നതും ഇതേ നേതാവിന്റെ മറ്റൊരു ഗ്രൂപ്പ് തന്നെ.

കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ ആദ്യകാലത്ത് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് കോണ്‍ഗ്രസ്സായിരുന്നു. കോണ്‍ഗ്രസ്സിന് അന്ന് ഗുണ്ടാപ്പടയുണ്ടായിരുന്നു. ഇതിനെ ഉപയോഗിച്ചാണ് അക്കാലത്ത് അക്രമങ്ങള്‍ നടത്തിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ 164 രക്തസാക്ഷികളുണ്ടായി. ആദ്യകാലത്ത് കോണ്‍ഗ്രസ്സും ഭരണകൂടവും പില്‍ക്കാലത്ത് ആര്‍ എസ് എസും മറ്റ് വര്‍ഗ്ഗീയ ശക്തികളും ചേര്‍ന്നാണ് ഈ സഖാക്കളെ കൊന്നുതള്ളിയത്. ഇങ്ങനെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഐ(എം). ഇത്തരമൊരു പ്രസ്ഥാനത്തെയാണ് വലതുപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് അക്രമികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കുന്നത്.ഇത് ജനങ്ങള്‍ തിരിച്ചറിയും.

error: Content is protected !!