ശുഹൈബ് വധം; തിങ്കളാഴ്‌ച മുതല്‍ കെ.സുധാകരന്‍ നിരാഹാര സമരത്തില്‍

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ കോണ്ഗ്രസ് പ്രതിഷേധം തീരുന്നില്ല. ഏറ്റവുമൊടുവില്‍ കെ.സുധാകരൻ നിരാഹാര സമരത്തിനൊരുങ്ങുകയാണ്. 19നു രാവിലെ മുതൽ 48 മണിക്കൂർ കലക്ടറേറ്റ് പടിക്കൽ നിരാഹാര സത്യഗ്രഹം നടത്താനാണു തീരുമാനം. 48 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കിൽ കെപിസിസിയുടെ അനുമതിയോടെ സമരം തുടരും. ഡിസിസി പ്രസി‍ഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ എന്നിവർ നേരത്തേ 24 മണിക്കൂർ വീതം ഉപവാസം നടത്തിയിരുന്നു.

ജയിലിൽ നിന്ന് ഇറങ്ങിയ ചിലരാണു കൊല നടത്തിയതെന്ന ആരോപണം കോൺഗ്രസ് ആവർത്തിച്ചു. കൊടി സുനിയെപ്പോലുള്ള സിപിഎം ക്രിമിനലുകൾ പരോൾ പോലുമില്ലാതെ ജയിലിൽ നിന്നു രാത്രി പുറത്തു പോയി പുലർച്ചെ തിരിച്ചെത്താറുണ്ടെന്നു തന്നോടു ചില ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ടെന്നു കെ.സുധാകരൻ പറഞ്ഞു. ഷുഹൈബ് വധക്കേസിൽ പൊലീസിൽ നിന്നു നീതി ലഭിക്കുമെന്നു കരുതുന്നില്ല.

മട്ടന്നൂരിലെ പൊലീസ് ഉദ്യോഗസ്ഥർ തെളിവു നശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണ്. അക്രമികളെക്കുറിച്ചും അവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. കണ്ണൂരിലെ പൊലീസുകാരെ നിയന്ത്രിക്കുന്നത് എസ്പിയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണെന്നും സുധാകരൻ ആരോപിച്ചു.

ഷുഹൈബ് കുടുംബ സഹായ നിധിക്കു വേണ്ടി കെപിസിസിയുടെ മുഴുവൻ നേതാക്കളും 22നു കണ്ണൂരിലെത്തി ജില്ലയിലെ 110 കേന്ദ്രങ്ങളിൽ‌ പിരിവെടുക്കുമെന്നു ഡിസിസി പ്രസി‍ഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. മറ്റു ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഭാവന പിരിക്കും.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

error: Content is protected !!