ഷുഹൈബ് വധം; കൊടി സുനി ഉൾപ്പെടെ 19 പ്രതികൾക്ക് പരോള്‍ അനുവദിച്ചത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി ഉൾപ്പെടെ 19 പ്രതികൾക്ക് ഷുഹൈബിന്റെ കൊലപാതകത്തിനു മുൻപ് പരോൾ അനുവദിച്ചിരുന്നതായി ചെന്നിത്തല ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ടിപിയെ കൊലപ്പെടുത്തിയ അതേരീതിയിൽ തന്നെയാണ് ഷുഹൈബിനെയും കൊന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.

ഷുഹൈബ് കൊലക്കേസിലെ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഷുഹൈബിന്റെ കൊലപാതകത്തിന് മുൻപായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്കു കൂട്ടത്തോടെ പരോൾ നൽകിയതും സംശയാസ്പദമാണ്. സിപിഎം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടയല്ല. ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തിൽ നടത്തുന്നത്. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികൾ പ്രോത്സാഹനമാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഷുഹൈബ് കൊലക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു. കേസ് തെളിയിക്കാൻ സമ്മർദമുണ്ട്. അന്വേഷണത്തിലാണു പൊലീസിന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

പരോളിലിറങ്ങിയ തടവുകാർ ഗൂഢാലോചന നടത്തിയാണു ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെയും ചെന്നിത്തല ആരോപിച്ചിരുന്നു. സമീപദിവസങ്ങളിൽ പരോളിലിറങ്ങിയവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കണം. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം എന്നതിനാൽ കേസിൽ യുഎപിഎ ചുമത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

ഷുഹൈബ് കൊല്ലപ്പെട്ട് നാലു ദിവസമായെങ്കിലും, ഇപ്പോഴും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. സിപിഎം പ്രവർത്തകരിൽനിന്ന് ഷുഹൈബിനു വധഭീഷണിയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ മൊഴിയെടുക്കാനും പൊലീസ് തയാറായിട്ടില്ല. ഷുഹൈബിനെ ഏതാനും ദിവസം മുൻപു സ്പെഷൽ സബ് ജയിലിനകത്ത് അപായപ്പെടുത്താൻ സിപിഎം തടവുകാർ ശ്രമിച്ചുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പൊലീസിന്റെ നീക്കങ്ങളിൽ ദുരൂഹതയുള്ളതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

error: Content is protected !!