ഷുഹൈബ് വധം; സിപിഎം കണ്ണൂര്‍ നേതൃത്വം ഒറ്റപ്പെടുന്നു

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് അതൃപ്തി അറിയിച്ച് സംസ്ഥാന സമ്മേളനം. പിണറായിയും കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ അല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായിക്ക് അതൃപ്തി. തൃശ്ശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് ജയരാജനും കോടിയേരിയും ജയരാജനും ചര്‍ച്ച നടത്തിയിരുന്നു.

കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിനു ബലം പകരുന്നതാണു കൊലപാതകമെന്നു സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണു നടപടി സ്വീകരിക്കുന്നതെന്നാണു ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാടു കോടിയേരി തള്ളി. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.

ഇതോടെ കണ്ണൂരിലെ വധത്തെച്ചൊല്ലി പാർട്ടി രണ്ടു ചേരിയിലായി. കൊലപാതകത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വിഷയം സമ്മേളനത്തിൽ ഉന്നയിക്കുമെന്നു വ്യക്തമാക്കി. അതേസമയം, ഷുഹൈബ് വധത്തെക്കുറിച്ചു സംസ്ഥാന സമ്മേളനത്തിൽ പ്രതികരിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, ഷുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകർ ഉൾപ്പെട്ട സംഘത്തിനു പ്രാദേശിക നേതാക്കൾ നൽകിയ ക്വട്ടേഷനാണെന്നു പൊലീസിനു വിവരം ലഭിച്ചു.

ഷുഹൈബിനെ ആക്രമിക്കാൻ ചില പ്രാദേശിക നേതാക്കൾ നിർദേശം നൽകിയതായി പ്രതികൾ തന്നെയാണു പൊലീസിനു മൊഴി നൽകിയത്. കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും സിപിഎം ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആകാശ്, രജിൻരാജ് എന്നീ സിപിഎം പ്രവർത്തകർക്കു പുറമേ ചില പ്രാദേശിക ഭാരവാഹികളും പ്രതികളാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

റീജനൽ തിയറ്ററിൽ വി.എസ്.അച്യുതാനന്ദൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാലു ക്ഷണിതാക്കളും ഉൾപ്പെടെ 566 പ്രതിനിധികൾ സമ്മേളനത്തിലുണ്ട്. ഉച്ചയ്ക്കുശേഷം സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ടു ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചർച്ച. നാളെയും മറ്റന്നാളും പൊതുചർച്ച. ശനിയാഴ്ച മറുപടി.

error: Content is protected !!