വിഎസ് പതാക ഉയര്‍ത്തി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

ഇരുപത്തി രണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. രാവിലെ റീജണല്‍ തിയേറ്ററിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറിലെ സമ്മേളന വേദിക്ക് പുറത്ത് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. ഇടതുപക്ഷ സര്‍ക്കാറിനെ തകര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാലു ക്ഷണിതാക്കളും ഉൾപ്പെടെ 566 പ്രതിനിധികൾ സമ്മേളനത്തിലുണ്ട്. ഉച്ചയ്ക്കുശേഷം സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ടു ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചർച്ച. നാളെയും മറ്റന്നാളും പൊതുചർച്ച. ശനിയാഴ്ച മറുപടി.

ഞായറാഴ്ച പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും 25,000 പേർ അണിനിരക്കുന്ന റെഡ് വൊളന്റിയർ മാർച്ചും രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ.കെ.പദ്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുക്കും.

577 ധീര രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകളോടെയാണ് വയലാറിലെ കൊടിമരത്തില്‍ കയ്യൂരില്‍ നിന്ന് കൊണ്ടുവന്ന പതാക ഉയര്‍ത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ ജ്വലിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും സന്നിഹിതരായി.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്റെയും ആനത്തലവട്ടം ആനന്ദന്റെയും നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നും വയലാറില്‍ നിന്നുമായി കൊണ്ടുവന്ന പതാക കൊടിമരങ്ങള്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ ഏറ്റുവാങ്ങി.

577 ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖകള്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷും വി ശിവന്‍കുട്ടിയും സമ്മേളന നഗരിയില്‍ എത്തിച്ചു. ദീപശിഖകള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊടിമരം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനും പതാക തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും സ്വീകരിച്ചു.

error: Content is protected !!