ഹാദിയ കേസ് ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കും

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി കക്ഷി ചേര്‍ത്ത ഹാദിയ കഴിഞ്ഞ ദിവസം വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

വീട്ടുതടങ്കലില്‍ കഴിയവേ വീട്ടുകാര്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിക്കുന്നു. അതോടൊപ്പം തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോട്ടയം പൊലീസ് മേധാവിക്കെതിരെയും തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ശ്രമം നടന്നിരുന്നതായും ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുത്ത രാഹുല്‍ ഈശ്വറിനെതിരെയും ഹാദിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ഹാദിയ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താൻ മുസ്‍ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു വൈക്കം സ്വദേശിനി ഹാദിയ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‍ലാം മതം സ്വീകരിച്ചതും കൊല്ലം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തതും.

വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നാണു ഹാദിയയുടെ മറ്റൊരു പ്രധാന ആവശ്യം. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. ആരൊക്കെയാണു വീട്ടില്‍ വന്നുകണ്ടതെന്നു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കോടതി പരിശോധിക്കണം. ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്താന്‍ ശ്രമമുണ്ടായി.

സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചു. ഹാദിയയുടെ (അഖില) പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്‍ലാം മതം സ്വീകരിച്ചതല്ല പ്രശ്നമെന്നും മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നതെന്നും അശോകൻ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷെഫിൻ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നതു സുപ്രീംകോടതി വിലക്കിയിരുന്നു. 2017 നവംബർ 27നു കേസ് പരിഗണിച്ചപ്പോൾ, ഹാദിയയ്ക്കു സേലത്തെ ഹോമിയോ കോളജിൽ പഠനം പൂർത്തിയാക്കുന്നതിനു സൗകര്യമൊരുക്കാനാണു കോടതി ഉത്തരവിട്ടത്. ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്.

error: Content is protected !!