കിടിലന്‍ ഓഫറുമായി ജിയോ ഫൈബര്‍

ടെലികോം വിപണി കീഴടക്കാന്‍ ജിയോയുടെ പുതിയ പദ്ധതി. ഇത്തവണ ജിയോ ഫൈബറിലൂടെ വിപണി കീഴടക്കാനാണ് നീക്കം. അതിവേഗ ഇന്റര്‍നെറ്റാണ് ജിയോ ഫൈബറിന്റെ സവിശേഷത. സിനിമയും ഗെയിമുമെല്ലാം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി സെക്കന്‍ഡുകള്‍ മതിയാകും. തങ്ങളുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ജിയോ നല്‍കിയിരിക്കുന്നത് ജിയോ ജിഗാ ഫൈബര്‍ എന്ന പേരാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ പല നഗരങ്ങളിലും ജിയോ ഇതിനകം ജിയോ ഫൈബര്‍ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങള്‍ പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കാനാണ് നീക്കം.

വിപണി കീഴടങ്ങുന്നതിനു വേണ്ടി സിം, ഫോണ്‍ ഇവ അവതരിപ്പിച്ചത് പോലെ വലിയ ഓഫറുകളാണ് ജിയോ ഫൈബറിനും നല്‍കാന്‍ ഒരുങ്ങുന്നത്‌. നിലവില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 100 എംബിപിഎസ് വേഗത്തില്‍ 100 ജിബി ഡേറ്റ നല്‍കുന്നത് 500 രൂപ മാത്രം ഈടാക്കിയായിരിക്കും. ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്ന മിക്ക ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെയും പകുതിയില്‍ താഴെ നില്‍ക്കുന്ന നിരക്കില്‍ സേവനം നല്‍കാനാണ് ജിയോയുടെ പദ്ധതി.

വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിനു രണ്ടു കോടി ഉപഭോക്താക്കളും വയര്‍ലെസ് ബ്രോഡ്ബാന്‍ഡിനു 20 കോടി ഉപഭോക്താക്കളുമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. ജിയോ തങ്ങളുടെ പുതിയ സംരംഭം അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുതിച്ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ 30 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ സേവനം അവതരിപ്പിക്കാനാണ് ജിയോ ഒരുങ്ങുന്നത്

ഇതു വരെ ജിയോ ജിഗാഫൈബറിന്റെ പ്ലാനുകളെക്കുറിച്ച് ഔദ്യോഗികമായി കമ്പനി പ്രതകരിച്ചിട്ടില്ല. ജിയോ സിം അവതരിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച പോലെ ആദ്യ മൂന്നു മാസം സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 100 എംപിപിഎസ് വേഗമുള്ളതായിരിക്കും ഈ സേവനമെന്നാണ് വിവരം. 100 ജിബിക്ക് വരെ ഇതേ വേഗത ലഭിക്കും. പിന്നീട് 1 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ലഭിക്കും. പദ്ധതിയുടെ ഭാഗമായി ആദ്യം 4500 രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ വാങ്ങണം. ഈ പണം പിന്നീട് ജിയോ തിരികെ നല്‍കുമെന്നാണ് സൂചന. ജിയോ ജിഗാഫൈബറിന്റെ കൂടെ ജിയോ ടിവിയും സൗജന്യമായി നല്‍കി സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് ജിയോയുടെ പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!