“ചുവപ്പ് ഭീകരത” സംഘപരിവാർ ആക്ഷേപം രമേശ് ചെന്നിത്തല ഏറ്റെടുത്തു; പി ജയരാജൻ

കഴിഞ്ഞ ദിവസം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയാക്കിയ അക്രമത്തെ സിപിഐ(എം) ശക്തമായി അപലപിക്കുന്നതായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

ഈ അക്രമ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.ഒരക്രമത്തെയും അനുകൂലിക്കുന്ന പ്രസ്ഥാനമല്ല സിപിഐ(എം).ജില്ലയില്‍ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ക്ക് വിധേയമായിട്ടുള്ള പാര്‍ട്ടിയാണ് സിപിഐ(എം).

രമേശ് ചെന്നിത്തല പറയുന്ന ‘ചുവപ്പ് ഭീകരത’ എന്ന ആക്ഷേപം രാജ്യത്ത് സംഘപരിവാരം സിപിഐ(എം) ന് നേരെ ഉയര്‍ത്തിയ ആക്ഷേപമാണ്.സിപിഐ(എം) നെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റും ആര്‍ എസ് എസ് സംഘപരിവാരവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രചരണമാണത്.ഈ മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവായിട്ടുള്ള രമേശ് ചെന്നിത്തല കൂടി ഏറ്റെടുത്തിരിക്കുകയാണ്.സിപിഐ(എം) നെ ആക്രമിക്കുന്ന കാര്യത്തില്‍ സംഘപരിവാറും കോണ്‍ഗ്രസ്സും തമ്മില്‍ എത്രമാത്രം യോജിപ്പാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.ഇത് ജനങ്ങള്‍ തിരിച്ചറിയും.- ജയരാജന്‍ വ്യക്തമാക്കി

error: Content is protected !!